Advertisement
national news
നിർമാണ കരാറുകളില്‍ 4% മുസ്‌ലിം സംവരണത്തിന് അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 15, 12:22 pm
Saturday, 15th March 2025, 5:52 pm

ബെംഗളൂരു: നിര്‍മാണ കരാറുകളില്‍ നാല് ശതമാനം മുസ്‌ലിം സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നലെ (വെള്ളി) ചേര്‍ന്ന മന്ത്രിസഭായോഗം ബില്ലിന് അനുമതി നല്‍കി. മുസ്‌ലിം സമുദായത്തിലുള്ളവര്‍ക്കും ടെണ്ടറുകളില്‍ സംവരണം നല്‍കാനാണ് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം.

നിലവില്‍ രണ്ട് കോടി വരെയുള്ള സര്‍ക്കാര്‍ നിര്‍മാണക്കരാറുകളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നുണ്ട്. ഈ സംവരണം മുസ്‌ലിം സമുദായത്തിലുള്ളവര്‍ക്കും നല്‍കാനുള്ള നിയമഭേദഗതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. രണ്ട് കോടി വരെയുള്ള കരാറുകളില്‍ നാല് ശതമാനം സംവരണമാണ് മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ക്ക് അനുവദിക്കുക.

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. തീരുമാനം നടപ്പിലാക്കാന്‍ കര്‍ണാടക ട്രാന്‍സ്പരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് നിയമമാണ് കര്‍ണാടക സര്‍ക്കാര്‍ ഭേദഗതി ചെയ്യുക. കാറ്റഗറി-II B എന്ന വിഭാഗത്തിലായിരിക്കും മുസ്‌ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള സേവനങ്ങളുടെയും സാധനങ്ങളുടെയും സംഭരണത്തില്‍ എസ്.സി, എസ്.ടി, കാറ്റഗറി 1, കാറ്റഗറി 2 എ, കാറ്റഗറി 2 ബി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സംവരണം നല്‍കും.

എന്നാല്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി രംഗത്തെത്തി. സമുദായത്തെ പ്രീണനത്തിലൂടെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും ബി.ജെ.പി പറഞ്ഞു. തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ബി.ജെ.പി എം.പി രവിശങ്കര്‍ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്ക് ലഭിച്ചിരുന്ന സംവരണം റദ്ദാക്കിയിരുന്നു. മുസ്‌ലിങ്ങള്‍ക്ക് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വീതിച്ച് നല്‍കുകയായിരുന്നു.

Content Highlight: Karnataka approves 4% tender reservation for Muslim contractors