റാംജിറാവു സ്പീക്കിംങ് എന്ന സിനിമയില്‍ മാമുക്കോയ ഒരു സെന്റിമെന്റല്‍ ഡയലോഗ് പറഞ്ഞതോടെ സെറ്റിലുണ്ടായിരുന്നവര്‍ മുഴുവന്‍ സൈലന്റായെന്ന് നടന്‍ മുകേഷ്. ഇത്രയും തമാശ പറയുന്ന ഒരാള്‍ ഒരു സെന്റിമെന്റല്‍ ഡയലോഗ് പറഞ്ഞതോടെ സിദ്ദീഖും ലാലും ഇന്നസെന്റും എല്ലാവരുടെയും ഉള്ളിലൊരു വിങ്ങലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഉര്‍വശി തിയേറ്ററിലേക്ക് പണം വാങ്ങാന്‍ താന്‍ ആളുകളുമായി വരുമെന്നും, തല്ലാന്‍ വേണ്ടിയല്ല, പകരം പണം കിട്ടാതെ വന്നാല്‍ താന്‍ അവിടെ കിടന്ന് മരിക്കുമെന്നും, തന്റെ മയ്യത്ത് കൊണ്ടുപോകാനാണ് ആളുകളുമായി വരുന്നത് എന്നുമുള്ള മാമുക്കോയയുടെ ഡയലോഗാണ് സെറ്റിലുണ്ടായിരുന്നവരെ നിശബ്ദരാക്കിയതെന്ന് മുകേഷ് പറയുന്നു. മുകേഷ് സ്പീക്കിംഗ് എന്ന യുട്യൂബ് ചാനലിലാണ് അദ്ദേഹം മാമുക്കോയയുടെ ഓര്‍മകള്‍ പങ്കുവെച്ചത്.
‘റാംജിറാവു സ്പീക്കിങ്ങില്‍ ഹംസക്കോയ എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. തമാശ കലര്‍ന്ന റോളായിരുന്നു അത്. എല്ലാ ദിവസവും മാമുക്കോയയുടെ റോളിനെ കുറിച്ചും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും എല്ലാവരും അഭിനന്ദിക്കുമായിരുന്നു. സായിക്കുമാറിന്റെ കഥാപാത്രമായ ബാലകൃഷ്ണനെ തിരക്കി നടക്കുന്നതും ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട സീനുകളുമൊക്കെ എടുത്ത് പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു.
ഊര്‍വശി തിയേറ്ററില്‍ ബാലകൃഷ്ണനെ കണ്ടെത്തിയതിന് ശേഷം അദ്ദേഹം പണം തിരികെ നല്‍കാമെന്ന് പറയുന്ന ഒരു സീനെടുക്കുകയായിരുന്നു. നബീസയുടെ കല്യാണം ഞാന്‍ നടത്തിത്തരും, ഹംസക്കോയ ഇപ്പോള്‍ പോകൂ എന്ന് ബാലകൃഷ്ണന്‍ പറയുമ്പോള്‍ മാമുക്കോയ പറയുന്ന ഒരു ഡയലോഗുണ്ട്. നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക രീതിയിലാണ് മാമുക്കോയ അത് പറഞ്ഞത്.
‘ ബാലഷ്ണാ, ഇന്ന ദിവസം ഞാന്‍ വരുമെടാ, എന്റെ കൂടെ ഈ ആള്‍ക്കാരും കാണും, നിന്നെ തല്ലാനോ കൊല്ലാനോ ഉപദ്രവിക്കാനോ അല്ല, നീ പണം തന്നില്ലെങ്കില്‍ ഞാന്‍ ഇവിടെ വീണ് മയ്യത്താകും. എന്റെ മയ്യത്ത് കൊണ്ടുപോകാനാണ് ഇവര്‍ വരുന്നത് ‘ ഈ ഡയലോഗ് പറഞ്ഞതോടെ സെറ്റിലുണ്ടായിരുന്നവര്‍ എല്ലാവരും സൈലന്റായി. സായ്ക്കുമാറും ഞാനും ഇന്നസെന്റും സിദ്ദീഖും ലാലും എല്ലാവര്‍ക്കും ഉള്ളിലൊരു വിങ്ങലുണ്ടായി.
ഈ രൂപത്തിലുള്ള ഒരാള്‍, ഇത്രയും തമാശ പറഞ്ഞ ഒരാള്‍, ഒരു സെന്റിമെന്റല്‍ ഡയലോഗ് പറഞ്ഞപ്പോള്‍ നിന്നവരും പോയവരും എല്ലാവരും കരഞ്ഞു. അതുകൊണ്ടൊക്കെയാണ് മാമൂക്കോയ പകരം വെക്കാനില്ലാത്ത ഒരാളായി മാറുന്നത്. ഏത് തരത്തിലുള്ള റോളും സ്വതസിദ്ധമായി നല്ല കണ്‍വീന്‍സിങ്ങായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇങ്ങനെ ഒരാളെ നമ്മള്‍ കണ്ടിട്ടുണ്ട് എന്ന് തോന്നിപ്പോകും,’ മുകേഷ് പറഞ്ഞു
content highlights: Mukesh talks about Mamukoya’s sentimental dialogue in Ramjirao movie