നരേന്ദ്രപ്രസാദ് എന്നെപ്പറ്റി പറഞ്ഞത് കേട്ടപ്പോൾ സങ്കടം സഹിക്കാനായില്ല: മുകേഷ്
Malayalam Cinema
നരേന്ദ്രപ്രസാദ് എന്നെപ്പറ്റി പറഞ്ഞത് കേട്ടപ്പോൾ സങ്കടം സഹിക്കാനായില്ല: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd November 2023, 5:24 pm

യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ മുകേഷ്. നാടകത്തിന്റെ അവസാനത്തിൽ ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അടുത്തുള്ള ഏതോ ഫാക്ടറിയിൽ നിന്ന് സൈറൺ മുഴങ്ങുകയും അത് നാടകത്തെ ബാധിക്കുകയും ചെയ്തു.

ഡോക്ടറായി പ്രധാന വേഷത്തിൽ ആയിരുന്നു മുകേഷ് അഭിനയിച്ചുകൊണ്ടിരുന്നത്. സൈറൺ മുഴങ്ങിയപ്പോൾ അതിനെ മറികടക്കാൻ നല്ല ശബ്ദത്തിലായിരുന്നു മുകേഷ് ഡയലോഗ് പറഞ്ഞത്. ശേഷം ഫലപ്രഖ്യാപനം നടത്തിയ വിധികർത്താക്കളിൽ ഒരാളായ നടൻ നരേന്ദ്രപ്രസാദ് തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ വിഷമം ഉണ്ടാക്കിയെന്നാണ് താരം പറയുന്നത്. മുകേഷ് സ്പീകിങ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങളുടെ നാടകത്തിന്റെ പേര് “ഹഞ്ച് ബാക്ക്” എന്നായിരുന്നു. ഞാൻ ആ ഡയലോഗ് പറയുമ്പോഴാണ് അവിടെ അടുത്തുള്ള ഏതോ ഫാക്ടറിയിൽ നിന്ന് സൈറൺ മുഴങ്ങുന്നത്. പക്ഷേ സൈറണിന്റെ ശബ്ദത്തെ തോൽപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. കൊല്ലത്തുനിന്ന് വന്ന എല്ലാവരും ഭയങ്കര നിരാശയിലായി. ഒരു സൈറൺ കാരണം നാടകം ഒന്നുമല്ലാതെ ആയി.

ഒരു കോളേജിന്റെ സ്വപ്നങ്ങളെല്ലാം പാടെ ഇല്ലാതെയായി. എനിക്ക് മികച്ച നടനുള്ള അവാർഡ് പോയി എന്ന് മാത്രമല്ല ഞങ്ങളുടെ നാടകത്തിന് കിട്ടേണ്ട പരിഗണന പോലും ആ സൈറൺ കാരണം നഷ്ടമായി. ആരൊക്കെയോ എന്നെ വന്ന് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ ഫലപ്രഖ്യാപനം നടന്നു. നടൻ നരേന്ദ്രപ്രസാദ് ആയിരുന്നു ഫലം പ്രഖ്യാപിച്ചത്. അന്ന് അദ്ദേഹത്തിന് എന്നെ അറിയില്ല. ഒന്നാം സമ്മാനം വേറേയേതോ നാടകത്തിന് ആയിരുന്നു. ഞങ്ങൾ അത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഞങ്ങൾക്ക് ഒരു സമ്മാനവും ഉണ്ടാവില്ലയെന്ന് ഉറപ്പായിരുന്നു.

ഞങ്ങൾ രണ്ടുപേരിൽ ഒരാളായിരിക്കും മികച്ച നടൻ എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ സൈറൺ കാരണം അതും നഷ്ടമായപ്പോൾ എല്ലാവരും ആ സൈറണിനെ ശപിക്കാൻ തുടങ്ങി. ഫലപ്രഖ്യാപനത്തിനുശേഷം നരേന്ദ്രപ്രസാദ് സാർ ഒരു കാര്യവും കൂടി പറയാനുണ്ടെന്ന് പറഞ്ഞു.

ഇവിടെ വന്ന, ഇനി വരാൻ പോകുന്ന എല്ലാ ചെറുപ്പക്കാരായ നാടകപ്രവർത്തകരോടും എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്. രംഗബോധം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രംഗ ബോധം പലപ്പോഴും നമ്മുടെ കൈയിൽ അല്ല.

ആ ഹഞ്ച് ബാക്ക് എന്ന നാടകത്തിലെ ഡോക്ടറായി വന്ന ചെറുപ്പക്കാരൻ ഗംഭീരമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അയാൾ വികാര നിർഭരമായ ആ ഡയലോഗ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു സൈറൺ വന്നു. രംഗബോധമുള്ള ഒരു നടൻ അവിടെ നിർത്തുകയായിരുന്നു ചെയ്യേണ്ടത്. നമ്മുടെ കഴിവിന് അപ്പുറമാണ് സൈറൺ. പ്രേക്ഷകർക്ക്‌ എല്ലാവർക്കും മനസിലാവും നാടകം അവിടെ നിർത്തുന്നത് അയാൾക്ക് നാടകത്തെ കുറിച്ച് അറിയുന്നത് കൊണ്ടാണെന്ന്.

സൈറൺ തീർന്നതിനു ശേഷം അയാൾ ഡയലോഗ് പറഞ്ഞിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ആയേനെ മികച്ച നടൻ. പക്ഷെ അയാളുടെ രംഗബോധമില്ലായ്മയാണ് കാരണം. എങ്ങനെയാണ് ഒരു പ്രെസെൻസ് ഓഫ് മൈൻഡിൽ അത് ചെയ്യാൻ പറ്റാതെ വന്നത്. അതുകൊണ്ട് അയാൾക്ക് അവാർഡ് കൊടുക്കാൻ നിവൃത്തിയില്ല, അദ്ദേഹം പറഞ്ഞു.

അത് കേട്ടപ്പോഴാണ് എനിക്കും കൂടെയുള്ളവർക്കും ഏറ്റവും വിഷമം തോന്നിയത്. എനിക്ക് വിഷമം സഹിക്കാനായില്ല. അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോഴേ നമ്മൾ പഠിക്കുകയുള്ളൂ. അതിന് ശേഷം എത്രയോ നാടകങ്ങൾ, എത്രയോ സ്റ്റേജ് ഷോസുകളും ഞാൻ ചെയ്തു. സ്റ്റേജിൽ എന്തെങ്കിലും ചെറിയ സാങ്കേതിക തടസ്സം വന്നാൽ പോലും നാടകം അവിടെ നിർത്തുമായിരുന്നു. പ്രേക്ഷകർക്ക്‌ ഒരു പ്രശ്നവുമില്ല,’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About A Old Incident With Narendra Prasad