മലയാളികളുടെ എക്കാലത്തെയും ഇഷ്ടനടന്മാരില്‍ ഒരാളാണ് മുകേഷ്. 40 വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മുകേഷിന്റെ 300ാമത് ചിത്രമായ ഫിലിപ്പ്‌സ് കഴിഞ്ഞ മാസം റിലീസായിരുന്നു. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയായിരുന്നു ഫിലിപ്പ്‌സ്. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ അറേബ്യയാണ് മുകേഷിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോഡ്ഫാദറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ മുകേഷ് പങ്കുവെച്ചു.
സിനിമകളിലെ ഫോണ്‍കോള്‍ സീനുകളുടെ ഓര്‍മകള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുകേഷ്. ‘അതിനെപ്പറ്റി പറയുമ്പോള്‍ ആദ്യം എന്റെ മനസില്‍ ഓര്‍മ വരുന്നത് ഗോഡ്ഫാദര്‍ സിനിമയിലെ സീനാണ്. ആ പടത്തില്‍ എന്റെ ഫസ്റ്റ് ഷോട്ട് എന്ന് പറയുന്നത് ഫോണ്‍ സംഭാഷണമാണ്. അച്ഛന്‍ കഥാപാത്രമായ അഞ്ഞൂറാന്‍ ഹോസ്റ്റലിലേക്ക് വിളിക്കുകയാണ്. ആരാണ് വിളിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഹോസ്റ്റലില്‍ നിന്ന് ഷര്‍ട്ടും ഇട്ട് സിഗരറ്റും കത്തിച്ചോണ്ടാണ് വരുന്നത്. അപ്പുറത്ത് ആരാണ് ഉള്ളതെന്ന് അറിയില്ല. സിഗരറ്റിന്റെ പുകയൊക്കെ മുകളിലോട്ട് പോവുന്നുണ്ട്.
ഫോണ്‍ എടുത്ത് ഹലോ എന്ന് പറയുമ്പോള്‍ അപ്പുറത്ത് നിന്ന് അച്ഛന്‍ ചോദിക്കുവാണ്, ഇന്ന് കോളേജില്‍ പോയില്ലേന്ന്. പെട്ടെന്ന് സിഗരറ്റ് താഴെയിട്ട് പുകയൊക്കെ കൈ കൊണ്ട് മായ്ച്ച് കളഞ്ഞിട്ടാണ് സംസാരിക്കുന്നത്. ആ ഒരൊറ്റ ഷോട്ടില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ ചെയ്യുകയാണ്. ഇതെന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ്. സിദ്ദിഖും ലാലും അത് കണ്ടിട്ട് പറഞ്ഞു, ഇതിന്റപ്പുറത്തേക്ക് ഇനി വേറെ ആക്ഷന്‍ ഇല്ല. കാരണം അവര്‍ അത് സീനില്‍ എഴുതി വെച്ചിട്ടില്ലായിരുന്നു,’ മുകേഷ് പറഞ്ഞു.