കാസര്‍ഗോഡ്: കടബാധ്യത കാരണം വീട് വില്‍ക്കാന്‍ രണ്ട് മണിക്കൂര്‍ മാത്രം അവശേഷിക്കേ ഒരു കോടി രൂപ ലോട്ടറി അടിച്ച ഞെട്ടലിലാണ് മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളിയായ പാവൂരിലെ മുഹമ്മദ് എന്ന ബാവ(50). അമ്പത് ലക്ഷത്തോളം വരുന്ന കടം വീട്ടാനായി വീട് വില്‍ക്കുന്നതിന്റെ അഡ്വാന്‍സ് തുക തിങ്കളാഴ്ച വാങ്ങാനിരിക്കെയായിരുന്നു ഞാറാഴ്ച മുഹമ്മദ് ബാവയെ തേടി ഭാഗ്യം തേടിയെത്തിയത്.
ഞായറാഴ്ച 2:30നായിരുന്നു ബാവ ലോട്ടറിയെടുത്തത് 3:10ന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു കോടി സമ്മാനം അടിക്കുകയും ചെയ്തു. അഞ്ച് മണിക്ക് വീട് വില്‍ക്കാനുള്ള തയ്യാറടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയെതെന്ന് മുഹമ്മദ് ബാവ പറഞ്ഞു. ഞായറാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബാവക്ക് സമ്മാനമായി ലഭിച്ചത്.
മനസില്ലാമനസോടെയാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ തീരുമാനിച്ചതെന്ന് ബാവ പറഞ്ഞു. വര്‍ഷങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ്. കടബാധ്യതയും ജപ്തിഭീഷണിയും പിടിമുറിക്കിയതോടെ മറ്റൊരു വഴിയും ഇല്ലാതായപ്പോഴാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്. വീട് വില്‍ക്കുന്നതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് കൈപ്പറ്റാനിരുന്ന ദിവസം തന്നെയാണ് ലോട്ടറിയടിച്ചതെന്നും ബാവ പറഞ്ഞു.