എം.ടി വിമർശിച്ചത് ഇടതുപക്ഷത്തെ തന്നെ; അവർ ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു: എൻ.എസ്. മാധവൻ
Kerala News
എം.ടി വിമർശിച്ചത് ഇടതുപക്ഷത്തെ തന്നെ; അവർ ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു: എൻ.എസ്. മാധവൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 4:14 pm

കോഴിക്കോട്: എം.ടി വിമർശിച്ചത് ഇടതുപക്ഷത്തെ തന്നെയാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ.

അത് എം.ടി തന്നെ വ്യക്തമാക്കിയതാണെന്നും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് കോഴിക്കോട് വെച്ച് എൻ.എസ്. മാധവൻ പറഞ്ഞു.

വലിയ അവസരമാണ് എം.ടി ഒരുക്കിയിട്ടുള്ളതെന്നും അതിനെ മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളൊന്നുമില്ലാതെ യഥാർത്ഥ അർത്ഥത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ ഇടതുപക്ഷത്തോളം തന്നെ ശക്തമായ കോൺഗ്രസ്‌ ഉണ്ട്, വളർന്നുവരുന്ന ബി.ജെ.പിയുണ്ട്. ഇവരെക്കുറിച്ചൊന്നും പരാമർശിക്കാതെ എം.ടി ഇടതുപക്ഷത്തെ മാത്രം ഈ കാര്യം ഓർമിപ്പിച്ചത് അവരെ ആത്മപരിശോധന നടത്താൻ പ്രേരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എൻ.എസ്. മാധവൻ പറഞ്ഞു.

അതേസമയം ഇ.എം.എസ് വ്യക്തിപൂജക്ക് വശംവദനായ ആളല്ലെന്നും അതാണ് അദ്ദേഹത്തെ ആരാധനാ പാത്രമാക്കിയതെന്നും എം.ടി പറഞ്ഞല്ലോ എന്ന ചോദ്യത്തിന് എം.ടി അങ്ങനെ പറഞ്ഞിട്ടില്ലെന്നും അത് മാധ്യമങ്ങൾ പോക്കറ്റിൽ നിന്നെടുത്തിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കണം എന്നല്ല എം.ടി ഉദ്ദേശിച്ചതെന്നും ചില യാഥാർത്ഥ്യങ്ങൾ പറയണമെന്ന് അദ്ദേഹത്തിന് തോന്നിയെന്നും പ്രസംഗത്തിനുശേഷം തന്നോട് പറഞ്ഞതായി എഴുത്തുകാരൻ എൻ.ഇ. സുധീർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത് എന്ന് എം.ടി പറഞ്ഞതായും സുധീർ പറഞ്ഞു.

എം.ടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹത്തിന്റെ വിമർശനം കേന്ദ്രസർക്കാരിനെതിരെയുള്ള കുന്തമുനയാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.

എം.ടി പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ ആണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നായിരുന്നു നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രതികരണം.

Content Highlight: MT’s criticism is against Left wing says NS Madhavan