മക്കളുടെ മാനത്തിന് വില പറയുന്നവരെ താങ്ങുന്ന നേതൃത്വത്തിന് കീഴില്‍ കൊടിപിടിക്കാനില്ല; എം.എസ്.എഫ് യോഗത്തിനിടെ അധിക്ഷേപത്തിനിരയായ വനിതാ നേതാവിന്റെ പിതാവ് മുസ്‌ലിം ലീഗ് വിട്ടു
Kerala News
മക്കളുടെ മാനത്തിന് വില പറയുന്നവരെ താങ്ങുന്ന നേതൃത്വത്തിന് കീഴില്‍ കൊടിപിടിക്കാനില്ല; എം.എസ്.എഫ് യോഗത്തിനിടെ അധിക്ഷേപത്തിനിരയായ വനിതാ നേതാവിന്റെ പിതാവ് മുസ്‌ലിം ലീഗ് വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th August 2021, 8:02 pm

മലപ്പുറം: എം.എസ്.എഫ് യോഗത്തിനിടെ അധിക്ഷേപത്തിനിരയായ ഹരിത നേതാവ് ആഷിഖ ഖാനത്തിന്റെ പിതാവ് മുസ്‌ലിം ലീഗ് വിട്ടു. എടയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീര്‍ കലന്തനാണ് പാര്‍ട്ടി വിട്ടത്.

‘സ്വന്തം മക്കളുടെ മാനത്തിന് വില പറയുന്നവരെപ്പോലും താങ്ങുന്ന ഒരു നേതൃത്വത്തിന് കീഴില്‍ ഇനിയും കൊടിപിടിക്കാന്‍ ലജ്ജയുണ്ട്,’ ബഷീറിന്റേതായി പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.

പലതും പരസ്യമായി പറയുന്നതിന് പാര്‍ട്ടി ഭാരവാഹിത്വം തടസമാണെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും ബഷീര്‍ പറയുന്നു.

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പാണ് ആഷിഖ ഖാനത്തെ അധിക്ഷേപിച്ചത്. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും കബീര്‍ എം.എസ്.എഫ് യോഗത്തില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ ആഷിഖ പരസ്യമായി രംഗത്തെത്തിയിരുന്നു. പരാതികളുന്നയിച്ചതിന്റെ പേരില്‍ കബീര്‍ മനപ്പൂര്‍വം അപവാദകഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആഷിഖ പറഞ്ഞു.

എന്താണ് ചാറ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും തന്റെ വാട്ട്സാപ്പ് ക്ലിയര്‍ ചാറ്റ് ചെയ്തിട്ടില്ലെന്നും അത് പരിശോധിക്കാമെന്നും ആഷിഖ പറഞ്ഞിരുന്നു.


സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ ലീഗ് നേതൃത്വം തയ്യാറാവണമെന്നും ആഷിഖ ആവശ്യപ്പെട്ടു.

നേരത്തെ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ക്കെതിരെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് സംസ്ഥാന ഹരിത അംഗങ്ങള്‍ വനിത കമീഷന് പരാതി നല്‍കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്. മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും ഹരിത നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്ലിം ലീഗ് ഹരിതയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ലീഗ് നേതാക്കള്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.

വനിതാ കമ്മീഷനിലെ പരാതി പിന്‍വലിച്ചാല്‍ എം.എസ്.എഫ് നേതൃത്വത്തില്‍ നിന്ന് നേരിട്ട ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്നും ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.

പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഹരിത നേതാക്കള്‍ക്ക് പി.കെ കുഞ്ഞാലിക്കുട്ടിയാണ് അന്ത്യശാസനം നല്‍കിയത്.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി. അഷ്‌റഫലി എന്നിവരും ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MSF Haritha Ashikha Khana Basheer Kalanthan Muslim League