ഹെലികോപ്റ്റര്‍ ഷോട്ടിന് ശേഷം ഇനി ഡ്രോണിലും കൈവെക്കാനൊരുങ്ങി എം.എസ്. ധോണി
Sports News
ഹെലികോപ്റ്റര്‍ ഷോട്ടിന് ശേഷം ഇനി ഡ്രോണിലും കൈവെക്കാനൊരുങ്ങി എം.എസ്. ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th June 2022, 4:43 pm

ക്രിക്കറ്റ് ലോകത്ത് അണ്‍ ഓര്‍ത്തഡോക്‌സും ഇന്‍വെന്റീവുമായുള്ള ഷോട്ടുകള്‍ നിരവധിയുണ്ട്. അത്തരത്തില്‍ ലോകപ്രശസ്തമായതാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട്.

ഹെലികോപ്റ്റര്‍ ഷോട്ടടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ധോണിയുടെ ചിത്രം മാത്രം മതി ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ആവേശം അലതല്ലാന്‍.

ഇപ്പോള്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിമിച്ച ശേഷം പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ധോണി. ഇന്ത്യന്‍ ഡ്രോണ്‍ സ്റ്റാര്‍ട്ട് അപ്പായ ഗരുഡ എയറോസ്‌പേസില്‍ ഓഹരി വാങ്ങിച്ചാണ് ബിസിനസ്സിലും പുതിയ ഇന്നിംഗ്‌സിനൊരുങ്ങുന്നത്.

ഗരുഡ എയറോസ്‌പേസിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്.

‘ഗരുഡ എയറോസ്‌പേസിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇനിയങ്ങോട്ട് അവര്‍ നല്‍കുന്ന അത്ഭുതകരമായ സേവനങ്ങള്‍ക്കൊപ്പം കമ്പനിയുടെ വളര്‍ച്ചയും കാണാനായി കാത്തിരിക്കുന്നു,’ ധോണി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധോണി ഗരുഡ എയറോസ്‌പേസിന്റെ ഭാഗമാവുക എന്നത് സ്വപനസാക്ഷാത്കാരമാണെന്നായിരുന്നു കമ്പനി സി.ഇ.ഒ അഗ്നിശ്വര്‍ ജയപ്രകാശ് പറയുന്നത്.

‘ഞാനെപ്പോഴും മഹി ഭായിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹം ഗരുഡ എയറോസ്‌പേസിന്റെ ഭാഗമാവുക എന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്‌നസാക്ഷാത്കാരമാണ്.

മഹി ഭായ് അര്‍പ്പണബോധത്തിന്റെ പ്രതീകമാണ്. ക്യാപ്റ്റന്‍ കൂള്‍ ഞങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുമെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്,’ അഗ്നിശ്വര്‍ പറയുന്നു.

ഡ്രോണ്‍ എക്കോ സിസ്റ്റത്തിലെ പയനിയറെന്ന് അവകാശപ്പെടുന്ന ഗരുഡ എയറോസ്‌പേസ് 26 പ്രധാന നഗരങ്ങളിലായി 300ലധികം ഡ്രോണുകളും അഞ്ഞൂറോളം പൈലറ്റുമാരുമായാണ് പ്രവര്‍ത്തിക്കുന്നത്.

കമ്പനിയെ കുറിച്ചും അതിന്റെ സൗകര്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വിലയിരുത്തിയിരുന്നു.

ഇന്ത്യയിലെ ആദ്യ യൂണിക്കോണ്‍ ഡ്രോണ്‍ സ്റ്റാര്‍ട്ട് അപ്പ് ആവാനുള്ള ഒരുക്കത്തിലാണ് ഗരുഡ എയറോസ്‌പേസ്.

 

Content Highlight: MS Dhoni Invests In Drone Start-up