ചെന്നൈ: നായകസ്ഥാനം ധോണി കോഹ്‌ലിയുടെ കൈകളില്‍ ഏല്‍പ്പിച്ചത് മുതല്‍ ക്രിക്കറ്റ് ലോകത്ത് ധോണി ഇനിയെത്രനാള്‍ എന്ന ചര്‍ച്ചയാരംഭിച്ചതാണ്. ധോണിയുടെ കാലം കഴിഞ്ഞെന്നും ലോകകപ്പ് മുന്നില്‍ കണ്ട് വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞവരേറെയാണ്. എന്നാല്‍ തന്റെ ബാറ്റിലൂടെയാണ് ധോണി ഇവര്‍ക്കുള്ള മറുപടി നല്‍കുന്നത്.
ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച ധോണി ഇന്നലെ ഓസീസിനോടും മികച്ച പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. മുന്‍നിര തകര്‍ന്ന ടീമിനെ യഥാര്‍ത്ഥ കപ്പിത്താനെപ്പോലെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു ഇന്നലെയും ധോണി. ആ രക്ഷാപ്രവര്‍ത്തനത്തിനിടെ നൂറാം അര്‍ധസെഞ്ചുറിയെന്ന നേട്ടവും ധോണി സ്വന്തമാക്കി.
അന്താരാഷ്ട്ര കരിയറില്‍ നൂറു അര്‍ധശതകം പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. 164 അര്‍ധസെഞ്ചുറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. രാഹുല്‍ ദ്രാവിഡ് 146, സൗരവ് ഗാംഗുലി 107 എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്.
ഇന്നലെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് 118 റണ്‍സിന്റെയും ഭുവനേശ്വര്‍ കുമാറിനൊപ്പം ചേര്‍ന്ന് 72 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയാണ് ധോനി രക്ഷിച്ചെടുത്തത്. 88 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 79 റണ്‍സെടുത്താണ് ധോണി പുറത്താകുന്നത്. കഴിഞ്ഞ അഞ്ച് ഏകദിനത്തിനിടെ ധോണി പുറത്താകുന്നത് ഇത് ആദ്യമാണ്.
വീഡിയോ: