ഒതളങ്ങ തുരുത്തിലൂടെ ചിരിപ്പിച്ചു, അന്താക്ഷരിയിലൂടെ ചിന്തിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മൃദുല്‍ സുരേഷ്
Film News
ഒതളങ്ങ തുരുത്തിലൂടെ ചിരിപ്പിച്ചു, അന്താക്ഷരിയിലൂടെ ചിന്തിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മൃദുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th April 2022, 5:49 pm

സൈജു കുറുപ്പ് നായകനായ അന്താക്ഷരി ഏപ്രില്‍ 22 നാണ് സോണി ലിവില്‍ റിലീസ് ചെയ്തത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, സുധി കോപ്പ, ബിനു പപ്പു, രമേശ് കോട്ടയം തുടങ്ങി സിനിമയിലഭിനയിച്ച എല്ലാവരുടെയും പ്രകടനം മികച്ചു നിന്നു. ഇതില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കിഷോര്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ബാല്യകാലം അഭിനയിച്ച മൃദുല്‍ മുകേഷാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ കിഷോറിന്റെ കുട്ടിക്കാലം കാണിക്കുന്നുണ്ട്.

കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലവും അവഹേളനവും അപമാനവുമൊക്കെ ഏല്‍ക്കുമ്പോഴുള്ള നിരാശയും നന്നായി തന്നെ സ്‌ക്രീനില്‍ മൃദുല്‍ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മൃദുലിന്റെ പ്രകടനത്തിന് കയ്യടി ഉയരുകയാണ്. സിനിമ കണ്ടിറങ്ങിയാലും കിഷോറിന് ബാല്യകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പ്രേക്ഷകനെ ചിന്തിപ്പിക്കും.

എന്നാല്‍ അന്താക്ഷരിക്ക് മുമ്പ് തന്നെ മൃദുല്‍ ഒതളങ്ങാ തുരുത്ത് എന്ന് വെബ്ബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൊക്ക് എന്റര്‍ടെയ്ന്‍മെന്റ് യൂട്യൂബ് ചാനലില്‍ വരാറുള്ള ഒതളങ്ങ തുരുത്തിലെ നത്ത് എന്ന കഥാപാത്രത്തിന്റെ അനിയനായിട്ടായിരുന്നു മൃദുല്‍ എത്തിയത്.

ഇതിലെ മൃദുലിന്റെ രസകരമായ പല രംഗങ്ങളും പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തിയിരുന്നു. ഒരു സമയത്ത് ഒതളങ്ങ തുരുത്തിലെ മൃദുലിന്റെ പല രംഗങ്ങളും സ്റ്റാറ്റസുകളും ഷോര്‍ട്ട് വീഡിയോകളിലും നിറഞ്ഞിരുന്നു. വെബ്ബ് സീരിസിലെ കോമഡി കഥാപാത്രത്തിനപ്പുറം സീരിയസായ കഥാപാത്രത്തെയും തനിക്ക് അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്ന് അന്താക്ഷരിയിലൂടെ തെളിയിച്ചിരിക്കുകയാണ് മൃദുല്‍.

സുല്‍ത്താന്‍ ബ്രദേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാര്‍ ആണ് അന്താക്ഷരി നിര്‍മിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Content Highlight: Mridul Mukesh, who played the villainous character of Kishore as a child, is now being discussed in social media