‘തമിഴിലെയും തെലുങ്കിലെയും പോലെ എന്നാണ് മലയാളത്തില്‍ ഒരു ത്രില്ലര്‍ വരിക’ ഒരുപാട് കാലം സ്വയവും സുഹൃത്തുക്കളായവരോട് പരസ്പരം ചോദിച്ചിട്ടുള്ളതുമായ ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാംപാതിര.
കോമഡിയും സറ്റയറും കൈകാര്യം ചെയ്യുന്ന മിഥുന്‍ ഒരു ത്രില്ലറുമായി എത്തുന്നു എന്നത് തന്നെയാണ് ചിത്രം ആദ്യ ദിവസം തന്നെ കാണുന്നതിന് പ്രേരിപ്പിച്ചത്. പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല.
മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളില്‍ ഇനി അഞ്ചാംപാതിരയും ഉണ്ടാകും. കഴിഞ്ഞ ചില പടങ്ങളിലേറ്റ തിരിച്ചടിയോടെ എഴുതിതള്ളാന്‍ തയ്യാറായവര്‍ക്ക് ഗംഭീര മറുപടിയാണ് മിഥുന്‍ ഈ ചിത്രത്തിലൂടെ നല്‍കിയിരിക്കുന്നത്.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും മിഥുന്‍ മാനുവല്‍ തന്നെയാണ്. കേരളത്തില്‍ നടന്ന ചില സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ കരിയറില്‍ ഏറ്റെടുക്കുന്ന ഒരു കേസില്‍ നിന്നാണ് സിനിമയുടെ കഥ ഉരുത്തിരിയുന്നത്. ഒരു പി.എച്ച്.ഡി സ്‌കോളര്‍ കൂടിയായ അന്‍വര്‍ കേസന്വേഷണത്തിനായി പൊലീസിനെ സഹായിക്കാറുമുണ്ട്.
ഒരു ത്രില്ലര്‍ സിനിമ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിസ്തരിക്കാന്‍ കഴിയില്ല. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ അന്‍വര്‍ ഹുസൈനാവുന്നത്. വേട്ടക്ക് ശേഷം ചാക്കോച്ചന്റെ കരിയറിലെ മറ്റൊരു നാഴിക കല്ല് തന്നെയാണ് അന്‍വര്‍ ഹുസൈന്‍.
കേസന്വേഷണവും ദുരൂഹതയും നിറയുന്ന ഗംഭീരമായ ഫസ്റ്റ് ഹാഫും, കണ്ടെത്തലുകളും ത്രില്ലിംഗും കൂടെ ഇമോഷന്‍സിനും പ്രാധാന്യം നല്‍കിയ രണ്ടാം പകുതിയുമാണ് അഞ്ചാംപാതിരയ്ക്ക് ഉള്ളത്. രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം സംവിധായകന്‍ മനപ്പൂര്‍വ്വം ഒരല്‍പം കുറയ്ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആ രംഗങ്ങളും പ്രേക്ഷകനോട് കൂടുതല്‍ സംവദിക്കുന്നുണ്ട്.
ഫ്‌ളാഷ് ബാക്ക് രംഗങ്ങള്‍ അടക്കം നിറഞ്ഞ കൈയ്യടക്കത്തോടെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സ്ഥിരം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളെ പോലെ നായകനെ മാസ് പരിവേഷം നല്‍കി ആഘോഷിക്കാനോ സ്ഥിരം സിനിമ ക്ലീഷേകള്‍ പിന്തുടരാനോ സംവിധായകന്‍ ശ്രമിച്ചിട്ടല്ല. സിനിമയിലെ ക്ലോറോഫോമിനെ കുറിച്ചുള്ള സംഭാഷണങ്ങള്‍ ഇതിന് ഉദാഹരണമാണ്.
ഉണ്ണിമായ, രമ്യ നമ്പീശന്‍, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീന്‍, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉണ്ണിമായയുടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ കാതറിന്‍ തിയേറ്ററില്‍ കൈയ്യടി നേടിയിരുന്നു. പറവ എന്ന ചിത്രത്തില്‍ തന്നെ മികച്ച ഒരു അഭിനേതാവ് തന്റെയുള്ളില്‍ ഉണ്ടെന്ന് ഉണ്ണിമായ തെളിയിച്ചതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥയായി തികഞ്ഞ കൈയ്യടക്കത്തോടെയാണ് അവര്‍ ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ചുരുക്കം സീനുകളില്‍ വരുന്ന ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും കൈയ്യടി അര്‍ഹിക്കുന്നുണ്ട്. മറ്റുള്ളവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ആടിലെ ലോലനെ അവതരിപ്പിച്ച ഹരികൃഷ്ണന്റെ മേക്ക് ഓവറും എടുത്ത് പറയേണ്ടതാണ്.
അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊന്ന് സുഷിന്‍ ശ്യാമിന്റെ ബി.ജി.എം ആണ്. ചിത്രത്തിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും കാണികളെ തിയേറ്ററില്‍ സീറ്റ് എഡ്ജില്‍ എത്തിക്കുന്നതിലും സുഷിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.
ഷൈജു ഖാലിദിന്റെ ഷോട്ടുകളും സിനിമ കൂടുതല്‍ മികച്ച അനുഭവം തരുന്നുണ്ട്. ഒരു ത്രില്ലര്‍ സിനിമയുടെ ആവേശം ചോര്‍ന്ന് പോകാതെ ഷോട്ടുകള്‍ മികച്ച രീതിയില്‍ ഷൈജു ശ്രീധരന്‍ എഡിറ്റ് ചെയ്യുകയും ചെയ്തു.
ചുരുക്കി പറഞ്ഞാല്‍ 2020തിന്റെ തുടക്കത്തില്‍ തന്നെ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന, മികച്ച അനുഭവം നല്‍കുന്ന, സ്ഥിരം സിനിമാ പ്രേക്ഷകരുടെ പൊതുബോധങ്ങളില്‍ പലതും പൊളിക്കുന്ന ഒരു സിനിമയാണ് അഞ്ചാംപാതിര.