ന്യൂദല്‍ഹി: കാര്‍ഷിക നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന തോമര്‍ നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ലെന്നും തോമര്‍ പറഞ്ഞു.
”ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല, സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇത് വലിയ പരിഷ്‌കാരമായിരുന്നു,” കൃഷി മന്ത്രി പറഞ്ഞു.
നിയമം പിന്‍വലിച്ചതില്‍ സര്‍ക്കാറിന് നിരാശയില്ലെന്നും ഒരടി പിന്നോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്നും തോമര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷക പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്.
2020 സെപ്റ്റംബര്‍ 17 നാണ് കാര്‍ഷിക നിയമങ്ങള്‍ ലോക് സഭയില്‍ പാസാക്കിയത്.
പിന്നാലെ സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ബില്‍ പാസാക്കി. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്മെന്റ്) ബില്‍ എന്നീ ബില്ലുകളാണ് പാസാക്കിയത്.
ഇതിന് പിന്നാലെ കര്‍ഷകര്‍പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.