പത്തനംതിട്ട: കൊവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം.
നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. നിരക്ക് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ദേവസ്വം കമ്മീഷണര്‍ അധ്യക്ഷനായ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടതും ഭക്തര്‍ക്ക് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതുമാണ് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് വിശദീകരണം.
ക്ഷേത്രത്തിന്റെ പ്രതിദിന ആവശ്യങ്ങള്‍ക്ക് പോലും പണം തികയാതെ വന്നതോടെ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനല്ലാത്ത പാത്രങ്ങള്‍ വരെ വില്‍ക്കാന്‍ നേരത്തെ തിരുമാനമെടുത്തിരുന്നു.
ലോക്ക്ഡൗണ്‍ ഇളവുകളുള്ള പ്രദേശങ്ങളില്‍ തുറന്നിട്ടുണ്ടെങ്കിലും ഭക്തരുടെ എണ്ണം കുറവാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശബരിമലയിലെ വരുമാനത്തിലടക്കം ഉണ്ടായ വലിയ ഇടിവാണ് പ്രതിസന്ധിക്ക് കാരണം.