വിരാടിന്റെ ടീമിനെക്കാള്‍ എന്തുകൊണ്ടും മികച്ചത് രോഹിത്തിന്റെ ടീം തന്നെ; വമ്പന്‍ നിരീക്ഷണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
Sports News
വിരാടിന്റെ ടീമിനെക്കാള്‍ എന്തുകൊണ്ടും മികച്ചത് രോഹിത്തിന്റെ ടീം തന്നെ; വമ്പന്‍ നിരീക്ഷണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th July 2022, 6:41 pm

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആക്രമണോത്സുക ബാറ്റിങ്ങിനേയും താരങ്ങളുടെ സ്‌ഫോടാത്മകമായ കളിശൈലിയേയും അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍. രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും താരം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

2018ല്‍ യു.എ.ഇയില്‍ നടന്ന ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനില്ലാത്ത പല പ്രത്യേകതയും ഇപ്പോഴുള്ള ടീമിനുണ്ടെന്നായിരുന്നു താരത്തിന്റെ പ്രസ്താവന.

‘ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യമെന്തെന്നാല്‍, ഐ.സി.സി ടി-20 ലോകകപ്പില്‍ ഇല്ലാതിരുന്ന എന്തോ ഒന്ന് അവര്‍ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്,’ മോര്‍ഗന്‍ പറഞ്ഞു.

എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാരും ഇംഗ്ലണ്ട് ബൗളേഴ്‌സിനെ ആക്രമിച്ചു കളിക്കുകയായിരുന്നെന്നും എന്നാല്‍ ആ ശൈലി ഇന്ത്യയ്ക്ക് മുമ്പുണ്ടായിരുന്ന ഒരു ടീമിനും ഇല്ലായിരുന്നെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചു കളിക്കുമെന്നായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പറഞ്ഞത്. എന്നാല്‍ അതേ ശൈലിയായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടിനെതിരെ അവലംബിച്ചത്.

ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോവും മറുഭാഗം ഒരു ദയയുമില്ലാതെ തച്ചു തകര്‍ക്കുകയായിരുന്നു. 198 റണ്‍സായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 148 റണ്‍സിന് കളിയവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ വിജയത്തിന് ശേഷം പുതിയ റെക്കോഡാണ് രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 13 വിജയം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനാണ് രോഹിത് ശര്‍മ.

വിരാട് കോഹ്‌ലിയില്‍ നിന്ന് രോഹിത് അധികാരമേറ്റതിന് ശേഷം ഇന്ത്യ ട്വന്റി 20യില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇപ്പോള്‍ ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹിറ്റ്മാന്‍ 13 വിജയങ്ങള്‍ നേടിയത്.

ഇന്ത്യയുടെ മുഴുവന്‍ സമയ നായകനായി ചുമതല ഏറ്റതിന് ശേഷം രോഹിത്തിന്റെ കീഴില്‍ ഒരു മത്സരവും ഇന്ത്യ തോറ്റിട്ടില്ല. ഇംഗ്ലണ്ടിനെ പോലെ വെടിക്കെട്ടിന് പേരുകേട്ട ഒരു ടീമിനെ തോല്‍പ്പിച്ചതിലൂടെ ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

 

Content Highlight:  Morgan reveals how Rohit-led current team is better than Virat-led team