അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിച്ച് സതേണ്‍ റെയില്‍വേ; പരശുറാം ഇന്റര്‍സിറ്റിയടക്കമുള്ള ട്രെയ്‌നുകളില്‍ കൂടുതല്‍ കോച്ചുകള്‍
Kerala News
അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിച്ച് സതേണ്‍ റെയില്‍വേ; പരശുറാം ഇന്റര്‍സിറ്റിയടക്കമുള്ള ട്രെയ്‌നുകളില്‍ കൂടുതല്‍ കോച്ചുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th November 2021, 9:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് അധിക അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. മംഗളൂരു മുതല്‍ നാഗര്‍കോവില്‍ രെ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ്, ഇതേ പാതയില്‍ സര്‍വീസ് നടത്തുന്ന ഏറനാട് എക്‌സ്പ്രസ്, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തുടങ്ങങ്ങിയ ട്രെയ്‌നുകളിലാണ് കൂടുതല്‍ അണ്‍ റിസര്‍വ് കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

ആറ് കോച്ചുകള്‍ വീതമാണ് ഈ ട്രെയ്‌നുകളില്‍ അണ്‍ റിസേര്‍വ്ഡ് ആയി അനുവദിക്കപ്പെട്ടിട്ടുള്ളത്. നവംബര്‍ 25 മുതലായിരിക്കും പുതിയ കോച്ചുകള്‍ നിലവില്‍ വരുന്നത്.

ഇതുകൂടാതെ, തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, മധുര-പുനലൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയ്‌നുകളിലും 4 വീതം അണ്‍ റിസേര്‍വ്ഡ് കോച്ചുകളും നിലവില്‍ വരും.

കൊവിഡ് ലോക്ഡൗണിന് പിന്നാലെയായിരുന്നു രാജ്യത്ത് ട്രെയ്ന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍പേ റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു ടിക്കറ്റ് ലഭിച്ചിരുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ലഭിക്കാതിരുന്നത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുകൂടാതെ, സീസണ്‍ ടിക്കറ്റ് സമ്പ്രദായവും നിര്‍ത്തലാക്കിയിരുന്നു.

കൊവിഡ് തരംഗം ഒന്നടങ്ങിയ സാഹചര്യത്തില്‍, പീന്നീട് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസേര്‍വ്ഡ് കോച്ചുകള്‍ മാത്രമായി ചുരുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ ഒന്ന് മുതലായിരുന്നു അണ്‍ റിസേര്‍വ്ഡ് കോച്ചുകളും സീസണ്‍ ടിക്കറ്റുകളും പുനഃസ്ഥാപിച്ചത്. സതേണ്‍ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളിലായിരുന്നു നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ചത്.

നവംബര്‍ പത്ത് മുതല്‍ പത്തോളം ട്രെയ്‌നുകളിലും അണ്‍ റിസേര്‍വ്ഡ് സൗകര്യം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ട്രെയ്‌നുകളില്‍ ഈ സൗകര്യം നിലവില്‍ വരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: More unreserved coaches for trains