ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദല്‍ഹി വികസന അതോറിറ്റിയുടെ നടപടികളുടെ ഭാഗമായി വീട് നഷ്ടപ്പെട്ടവരില്‍ മലയാളികളും. ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ചില മലയാളികള്‍ക്കും വീടുകള്‍ നഷ്ടമായത്.
വര്‍ഷങ്ങളായി ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ നൂറിലധികം മലയാളി കുടുംബങ്ങള്‍ക്ക് വീടൊഴിയാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃത നിര്‍മാണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കെട്ടിടങ്ങളും പൊളിച്ചുനീക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ അനധികൃതമായി കെട്ടിയുയര്‍ത്തിയതല്ലെന്നും നിയമപരമായി രജിസ്റ്റര്‍ ചെയ്തവയാണെന്നുമാണ് മലയാളി ഉടമസ്ഥരുടെ പ്രതികരണം. താമസിച്ചിരുന്ന വീടുകള്‍ നഷ്ടമായാല്‍ തെരുവിലിറങ്ങേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞു.
കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിലുള്ള ബി.ജെ.പിയുടെ അമര്‍ഷമാണ് തങ്ങളോട് കാണിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധസമരവുമായി രംഗത്തുവരാനും വീട്ടുടമകള്‍ ആലോചിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്. 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി വിജയം നേടുകയായിരുന്നു.
134 സീറ്റില്‍ ആം ആദ്മി വിജയിച്ചപ്പോള്‍ 104 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്.