വാഷിംഗ്ടണ്‍: 2021 ഫെബ്രുവരിയോടു കൂടി അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്വേഷന്‍ (ഐ.എച്ച്.എം.ഇ ) വിഭാഗത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇവരുടെ പഠന പ്രകാരം ഫെബ്രുവരി 28 നുള്ളില്‍ 511,000 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്. ഫെബ്രുവരിക്ക് ശേഷവും അമേരിക്കയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി തുടരുമെന്നും പഠനത്തില്‍ പറയുന്നു.
95 ശതമാനം അമേരിക്കന്‍ ജനങ്ങളും മാസ്‌ക് ധരിക്കുകയാണെങ്കില്‍ ഇതില്‍ 1,30000 പേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വാക്‌സിന്‍ ഇതുവരെ ലഭ്യമല്ലാത്തത് കൊവിഡ് വ്യാപനം രാജ്യത്ത് തുടരുന്നതിനിടയാക്കുമെന്നും ശൈത്യകാലം വരാനിരിക്കുന്നതിനാല്‍ രോഗവ്യാപന നിരക്ക് കൂടുതലായിരിക്കുമെന്നാണ് ഐ.എച്ച്.എം.ഇ ഡയരക്ടര്‍ ക്രിസ് മുറെ പറയുന്നത്.
കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ എന്നീ സ്‌റ്റേറ്റുകളില്‍ രോഗ്യവ്യാപനവും മരണനിരക്കും കൂടുതലായിരിക്കുമെന്നും ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ‘മാസ്‌ക് ധരിക്കല്‍ വ്യാപിപ്പിക്കുന്നത് അമേരിക്കയ്ക്ക് വിജയിക്കാനുള്ള ഒരു എളുപ്പവഴിയാണ്,’ മുറേ പറഞ്ഞു.
അതേസമയം കൊവിഡ് കണക്കുകളില്‍ മുന്‍പന്തിയിലാണെങ്കിലും അമേരിക്കയില്‍ മാസ്‌ക് ധരിക്കല്‍ പല സ്റ്റേറ്റുകളിലും നിര്‍ബന്ധമല്ല. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഈ നിര്‍ദ്ദേശമില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ മാസ്‌ക് ധരിക്കുന്നതിന് തയ്യാറാകാത്ത സാഹചര്യവും അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്. 228,626 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.