അഗര്‍ത്തല: മാര്‍ച്ച് 2ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ത്രിപുരയില്‍ 668 അക്രമങ്ങള്‍ ബി.ജെ.പി നടത്തിയതായി സി.പി.ഐ.എം. ബി.ജെ.പി അഴിച്ചുവിട്ട അക്രമ പരമ്പരകളില്‍ ഏകദേശം മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും സി.പി.ഐ.എം വ്യക്തമാക്കി.
ഫെബ്രുവരി 16 നായിരുന്നു സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ രണ്ടാമതും സംസ്ഥാനത്ത് ഭരണമുറപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. 60 സീറ്റില്‍ 32 സീറ്റ് നേടിയായിരുന്നു ബി.ജെ.പിയുടെ വിജയം.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് ബി.ജെ.പി തങ്ങളെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തതായും ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം സി.പി.ഐ.എം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുന്‍ മന്ത്രി തപന്‍ ചക്രവര്‍ത്തി, ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ എന്നിവര്‍ ചീഫ് സെക്രട്ടറി ജെ.കെ. സിന്‍ഹയെ കാണുകയും ത്രിപുരയിലെ അക്രമാസക്തമായ സാഹചര്യത്തെക്കുറിച്ച് ബോധിപ്പിക്കുകയും ചെയ്തതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമം രൂക്ഷമായതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കാടുകളില്‍ ഒളിച്ചു താമസിക്കുകയാണെന്നും പലരും സംസ്ഥാനം വിട്ട് പോയെന്നും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ജിതേന്ദ്ര ചൗധരി വ്യക്തമാക്കി.
‘സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളും സ്വത്തുക്കളും ബി.ജെ.പിയുടെ ഗുണ്ടകള്‍ തകര്‍ത്തു. പൊലീസ് ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. അക്രമവുമായി ബന്ധപ്പെട്ട് 238 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു ശരിയാണ്, അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഇവരെയെല്ലാം കുറച്ച് സമയം കഴിഞ്ഞ് വെറുതെ വിടുകയും ചെയ്തിട്ടുണ്ട്,’ ചൗധരി കൂട്ടിച്ചേര്‍ത്തു.
അതേസമയം അസംബ്ലി തെരഞ്ഞെടുപ്പില്‍ 61 ശതമാനം പേര്‍ ബി.ജെ.പിക്ക് എതിരായാണ് വോട്ട് ചെയ്തതെന്നും, സംസ്ഥാനത്തെ ബി.ജെ.പിയുടെ വോട്ട് ശതമാനം കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും, കടകളും, കൃഷിഭൂമിയും ബി.ജെ.പി നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.