കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. തേജ്‌ലോഹിത് റെഡ്ഢി. ജില്ലയില്‍ ഒമിക്രോണ്‍ വ്യാപന നിരക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല, പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കും, കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും, ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
പൊതു ഗതാഗതങ്ങളില്‍ തിരക്കുക്കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണിപ്പോള്‍. കൂടാതെ ഒമിക്രോണ്‍ സമൂഹവ്യാപനം ജില്ലയില്‍ സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ദര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വിവിധ സ്വകാര്യ ആശുപത്രികളിലായെത്തിയ 40 കൊവിഡ് ബാധിതരില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിരുന്നു.
വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമില്ലാത്തവരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 50,000ത്തില്‍ എത്താന്‍ അധിക സമയം വേണ്ടി വരില്ലെന്നും ആരോഗ്യ വിദഗ്ദര്‍ അറിയിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 മുതല്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. പുതുക്കിയ ടൈം ടേബിള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.