മിഷിഗണ്‍ നഗരത്തിലെ ജലം മലിനമെന്നും പല്ല് തേക്കാന്‍ പോലും വെള്ളം ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍; ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ വര്‍ണവിവേചനമെന്ന് പരാതി, പ്രതിഷേധം
World News
മിഷിഗണ്‍ നഗരത്തിലെ ജലം മലിനമെന്നും പല്ല് തേക്കാന്‍ പോലും വെള്ളം ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍; ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ വര്‍ണവിവേചനമെന്ന് പരാതി, പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th October 2021, 6:38 pm

വാഷിംഗ്ടണ്‍: മിഷിഗണ്‍ നഗരത്തിലെ ജലം മലിനമാണെന്ന് കണ്ടെത്തിയതോടെ പ്രദേശവാസികള്‍ നേരിടുന്നത് കടുത്ത ശുദ്ധജലക്ഷാമം. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൊതുജലത്തില്‍ അമിതമായ അളവില്‍ ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജലം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.

ഈ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പല്ല് തേക്കാനോ പാടില്ലെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം സര്‍ക്കാര്‍ ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.

മുന്നറിയിപ്പ് മാത്രമേ സര്‍ക്കാര്‍ നല്‍കയുള്ളൂവെന്നും ശുദ്ധ ജലവിതരണത്തിന് കാര്യക്ഷമമായ നടപടികളുണ്ടായില്ലെന്നുമാണ് ജനങ്ങളുടെ പരാതി.

നഗരത്തില്‍ 85 ശതമാനവും കറുത്ത വര്‍ഗക്കാരായ അമേരിക്കന്‍ ആഫ്രിക്കന്‍ വംശജരാണ് താമസിക്കുന്നതെന്നും ഇതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടാത്തതെന്നുമാണ് ആരോപണം.

വെള്ളം കുടിക്കരുതെന്ന് പറഞ്ഞ ഭരണകൂടം സൗജന്യ ജലവിതരണവും നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. 2018 ലാണ് മിഷിഗണിലെ പൊതുജല വിതരണത്തില്‍ ലെഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്.

എന്നാല്‍, ഇതുവരെയായും ഇതിനൊരു ശ്വാശ്വത പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ക്കോ സംസ്ഥാന അധികാരികള്‍ക്കോ കഴിഞ്ഞില്ല. ഇതോടെയാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതിന്റെ നിര്‍മ്മാണ വേളയില്‍ ഗാല്‍വാനൈസ്ഡ് ലൈനുകളാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ എവിടെയെങ്കിലും ഈയം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും അത് ജലത്തില്‍ കലരുന്നതാകാം കാരണമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: More Lead-Tainted Water in Michigan Draws Attention to Nation’s Aging Pipes