Advertisement
India
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; ആവശ്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 17, 04:57 am
Friday, 17th April 2020, 10:27 am

ന്യൂദല്‍ഹി: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഈറ്റ, തെങ്ങ്, അടയ്ക്ക. കൊക്കോ, സുഗന്ധ വ്യഞ്ജന- തോട്ടം മേഖലകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. വിളവെടുപ്പ്, പാക്കിങ്, വില്‍പ്പന എന്നിവയ്ക്ക് ആണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ഏപ്രില്‍ 20 മുതല്‍ തോട്ടം മേഖലയെ പൂര്‍ണ്ണമായും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കി. എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളെയും ഇളവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തെങ്ങിന്‍ തോപ്പുകള്‍ക്കും ലോക്ക് ഡൗണ്‍ ബാധകമല്ല.

വന വനേതര വിഭവങ്ങള്‍ ശേഖരിക്കാന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇളവ് അനുവദിക്കുന്നുണ്ട്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മിനിമം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

സഹകരണ സൊസൈറ്റികള്‍ക്ക് തുറന്ന് പ്രവര്‍ത്താം. എന്നാല്‍ മിനിമം ജീവനക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

20 ാം തിയതി മുതല്‍ ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത മേഖലകളിലാണ് ഈ ഇളവ്. കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ ഇതേ ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അതേസമയം ലോക്ക് ഡൗണ്‍ വിലയിരുത്താന്‍ കേന്ദ്ര ഉപ സമിതി ഇന്ന് ചേരും. കൊവിഡ് പ്രതിസന്ധി നേരിടാന്‍ പുതിയ പാക്കേജ് ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍ ഉള്ളത് . ആദായനികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കും. പാക്കേജ് ആലോചിക്കാന്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ