തിരുവനന്തപുര: 2019 ഡിസംബര്‍ മൂന്നിനാണ് വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്.
പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെയായിരുന്നു യുവതി പേട്ട പൊലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി ഇവരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്ണന്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്തതെന്ന് യുവതിപരാതിയില്‍ പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് രാധാകൃഷ്ണന്‍ തന്റെ വീട് അതിക്രമിച്ചുകയറിതെന്നാണ് പരാതിക്കാരി പറഞ്ഞത്.
പരാതിക്കാരിയെ കാണാന്‍ വന്ന സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയതും പ്രസ്‌ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ സുഹൃത്തിനെ തിരികെ പരാതിക്കാരിയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ഈ ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വരുന്നത് എന്ന് ചോദിച്ച് തന്നോട് മോശമായി സംസാരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് തന്നെയും മക്കളേയും രാധാകൃഷ്ണന്‍ റൂമിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ഇവര്‍ ആരോപിച്ചു.
ഭര്‍ത്താവിനെ വിളിക്കാം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും, നിങ്ങള്‍ സമ്മതിച്ചാല്‍ ആരും അറിയാതെ പ്രശ്നം ഒതുക്കിതീര്‍ക്കാം എന്നും രാധാകൃഷ്ണന്‍ പറഞ്ഞെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. ഇതിനിടയില്‍ രാധാകൃഷ്ണനും സംഘവും സുഹൃത്തിനെ മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു.
എന്നാല്‍ ഇതിന് പിന്നാലെ സദാചാര ഗുണ്ടായിസത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകക്കെതിരെ അപവാദ പ്രചരണവുമായി രാധാകൃഷ്ണന്‍ രംഗത്തെത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തു. പിന്നാലെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. ഐ.പി.സി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 14 ദിവസത്തേയ്ക്ക് ഇയാളെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് ക്യാംപയിനുകളും പ്രതിഷേധ പരിപാടികളും സംഘടിച്ചു.
എന്നാല്‍ പരാതി ലഭിച്ചിട്ടും രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രസ് ക്ലബ് സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നു. .വിഷയത്തില്‍ രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് ഭരണ സമിതി തയ്യാറായിരുന്നില്ല.
വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയതിന് അറസ്റ്റിലായിട്ടും തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനോട് ഉന്നത സമിതി രാജിവെക്കാന്‍ ആവശ്യപ്പെട്ടാതത്തില്‍ പ്രതിഷേധിച്ചും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചു നല്‍കിയാണ് പ്രതിഷേധിച്ചത്.
രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം കൂടിയായതോടെ രാധാകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം ഡിസംബര്‍ അഞ്ചാം തിയതി ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. പകരം ചുമതല ജോയിന്റ് സെക്രട്ടറി സാബ്ലു തോമസിനായിരുന്നു നല്‍കിയത്.
ഡിസംബര്‍ ഒന്‍പതിന് രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പ്രസ് ക്ലബ് സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസായിരുന്നു കെ.എം രാധാകൃഷ്ണനെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായുള്ള ഉത്തരവിറക്കിയത്.
ഇതോടൊപ്പം അംഗങ്ങള്‍ തന്ന പരാതി വനിതാ അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയെ അന്വേഷിക്കാനും തീരുമാനമായിരുന്നു. സമിതി 10 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തിരുമാനമെന്ന് സാബ്ലു തോമസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
ഇതോടൊപ്പം 22 ന് പൊതുയോഗം കൂടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങള്‍ കൂട്ടരാജി സമര്‍പ്പിച്ചു.
സോണിച്ചന്‍ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണന്‍(മുന്‍ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാന്‍ജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്. ഹണി, അജി ബുധന്നൂര്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരായിരുന്നു രാജിവെച്ചത്.
സെക്രട്ടറിയുടെ താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേര്‍ന്ന്, പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറല്‍ ബോഡിയോഗവും വിളിച്ചു ചേര്‍ക്കുന്നതായി അറിയിപ്പ് നല്‍കിയെന്നാണ് ഭരണ സമിതി അംഗങ്ങള്‍ ആരോപിച്ചത്.
ഒരു മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുന:പരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളൂവെന്നും സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമായിരുന്നു ഇവര്‍ രാജിക്കത്തില്‍ പറഞ്ഞത്.
എന്നാല്‍ പത്തിലൊന്നംഗങ്ങള്‍ ഒപ്പിട്ടു തന്നാല്‍ ജനറല്‍ ബോഡി വിളിക്കണമെന്ന് പ്രസ് ക്ലബിന്റെ ഭരണഘടനയില്‍ വകുപ്പുണ്ടെന്നും ആ വകുപ്പ് പ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് സാബ്ലു തോമസ് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കിയത്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണെന്നും സാബ്ലു തോമസ് വിശദീകരിച്ചു.
”ജനറല്‍ ബോഡിയാണ് പരമാധികാര സമിതി. ജനറല്‍ ബോഡിക്ക് ഒരു അംഗത്തെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ട്. ഞാനെടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് ജനറല്‍ ബോഡി തീരുമാനിക്കട്ടെ. പരമാധികാരം മാനേജ്മെന്റ് കമ്മിറ്റിക്കല്ല, ജനറല്‍ ബോഡിക്കാണ്. അത് അവര്‍ തീരുമാനിക്കട്ടെ.
സ്ത്രീപക്ഷ നിലപാടുകളൊക്കെ കുറേ പേര്‍ക്കെങ്കിലും മനസിലാകുന്ന സാമൂഹ്യസാഹചര്യമാണ് ഉള്ളതെന്നാണ് കരുതുന്നത്. ജനറല്‍ ബോഡിയില്‍ നിന്നും മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
22 ാം തിയതി ജനറല്‍ ബോഡി വിളിക്കാന്‍ തീരുമാനിച്ച വിവരം ഭരണസമിതി അംഗങ്ങള്‍ മറ്റുള്ളവരെ അറിയിച്ചിരുന്നില്ലെന്നും ജനറല്‍ ബോഡി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു അവര്‍ നടത്തിയതെന്നും” സാബ്ലു തോമസ് ആരോപിച്ചു.
അംഗങ്ങളെ അത് അറിയിക്കാത്തത് എന്താണെന്ന ചോദ്യത്തിന് പ്രസിഡന്റ് അടക്കമുള്ളവര്‍ അന്ന് മറുപടി തന്നിരുന്നില്ലെന്നും ആ സാഹചര്യത്തിലാണ് അടിയന്തര ജനറല്‍ ബോഡി വിളിച്ചതെന്നും സാബ്ലു തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അംഗങ്ങള്‍ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങള്‍ പാലിക്കാതെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണെന്നും
പ്രസ്‌ക്ലബ്ബിനെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ആരോപിക്കുന്നത്.
എന്നാല്‍ തിരുവനന്തപുരത്ത് കുറേക്കാലമായി പത്രപ്രവര്‍ത്തനം നടത്തുന്ന ആളാണ് താനെന്നും താന്‍ എങ്ങനെയുള്ള ആളാണെന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും പ്രസ് ക്ലബ്ബിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആളാണോ താന്‍ എന്ന് അവര്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു സാബ്ലു തോമസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
ഡിസംബര്‍ 12 ന് നടന്ന ജനറല്‍ ബോഡിയില്‍ പ്രതിഷേധിച്ച് രാജി വെച്ച ഭരണ സമിതിയംഗങ്ങളെ ആറ് മാസത്തേക്ക് പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഉത്തരവിറക്കി.
മാധ്യമപ്രവര്‍ത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകര്‍ക്കുന്ന രീതിയില്‍ ക്രിമിനല്‍ കുറ്റകൃത്യം നടത്തുകയും തുടര്‍ന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടര്‍ച്ചയായി അപമാനിക്കുകയും ചെയ്ത സെക്രട്ടറി എം. രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെപ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി.
ക്ലബ്ബ് സെക്രട്ടറിക്കെതിരെഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രസ് ക്ലബ്ബിന്റെയും അംഗങ്ങളുടെയും അന്തസ് കെടുത്തുന്ന തരത്തില്‍ അപമാനകരമായ നടപടി സ്വീകരിക്കുകയും ഇരയായ പെണ്‍കുട്ടിക്കെതിരെ നിലപാട് എടുക്കുകയും സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയായ രാധാകൃഷ്ണനെ സംരക്ഷിക്കുകയും പ്രസ് ക്ലബ്ബിനെ ഒളിസങ്കേതം ആക്കാന്‍ അനുവദിക്കുകയും ചെയ്ത അംഗങ്ങളുടെ നടപടി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുവാനും ജനറല്‍ ബോഡി തീരുമാനിച്ചു.
ജനാധിപത്യ രീതിയില്‍ പ്രസ് ക്ലബ്ബ് അംഗങ്ങള്‍ തിരഞ്ഞെടുത്ത ഈ ഭാരവാഹികള്‍, ഉത്തരവോാദിത്തപ്പെട്ട തങ്ങളുടെ സ്ഥാനങ്ങള്‍ രാജി വക്കുകയും അതിലൂടെ പ്രസ്‌ക്ലബ്ബിന്റെ സുഖമമായ ഭരണത്തെ അതീവ പ്രതിസന്ധിയില്‍ എത്തിക്കുകയുമാണ് ചെയ്തതെന്ന് ജനറല്‍ബോഡി ഒറ്റക്കെട്ടായി വിലയിരുത്തി.
ക്ലബ്ബ് കമ്മിറ്റി ഭാരവാഹികളുടെ അപമാനകരമായ നടപടിയില്‍ പ്രതിഷേധിച്ച് ഹോണററി അംഗത്വം രാജി വെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. ബി. ആര്‍. പി. ഭാസ്‌കറിനെ ക്ലബ്ബ് തെറ്റ് തിരുത്തിയതായി അറിയിക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി. ഇതിന് പിന്നാലെ അംഗത്വത്തിലേക്ക് മടങ്ങിവരണമെന്ന ഭരണ സമിതിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് ബി.ആര്‍.പി ഭാസ്‌ക്കര്‍ രാജി പിന്‍വലിച്ചു.