തിരുവനന്തപുരം: വയനാട്ടിലെ മുട്ടില്‍ എസ്‌റ്റേറ്റ് മരംമുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്താണു മരം മുറിച്ചുകടത്തിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വീഴ്ച പറ്റി. 10 കോടി മതിപ്പ് വിലയുള്ള തടിയാണു മുറിച്ച് കടത്തിയത്. അതില്‍ അന്വേഷണം നടക്കുകയാണ്.
ഈട്ടിത്തടി മുഴുവന്‍ കണ്ടെത്തിയതു വനം വകുപ്പ് പരിശോധനയില്‍ തന്നെയാണ്. ഇതെല്ലാം സര്‍ക്കാരിന്റെ കൈവശം തന്നെയാണ് ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമാണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ പൊലീസ് കാവല്‍നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്നു പി.ടി. തോമസ് എം.എല്‍.എ. ചോദിച്ചു.
വനംകൊള്ളക്കാര്‍ നിസാരക്കാരല്ലെന്നും നേരത്തെ തന്നെ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നുവെന്നും വകുപ്പു മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയുമായിരുന്നോ എന്നും പി.ടി. തോമസ് ചോദിച്ചു.
ഈട്ടിത്തടിയുടെ നല്ലൊരു ഭാഗം വയനാട്ടില്‍നിന്ന് എറണാകുളത്തെ തടിമില്ലില്‍ എത്തിയിട്ടും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നാണു മരംമുറിക്കാന്‍ കരാര്‍ എടുത്ത ഹംസ മാധ്യമങ്ങളോടു പറഞ്ഞത്. ആരാണ് ഈ ഉന്നതന്മാര്‍.
എറണാകുളം കരിമുകളിലുള്ള തടിമില്ലില്‍ നിന്നും വനംമേധാവിക്ക് ലഭിച്ച ഈ മെയില്‍ സന്ദേശത്തിലാണ് ഈട്ടിത്തടി വയനാട്ടില്‍ നിന്നും എറണാകുളത്തെത്തിയ കാര്യം ബന്ധപ്പെട്ടവര്‍ അറിയുന്നത്. അല്ലാതെ ആരും കണ്ടുപിടിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.