ചെങ്ങന്നൂര്‍: അപകടത്തില്‍പെട്ട് രക്തംവാര്‍ന്ന് കിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച കുടശ്ശനാട് പ്രെയ്‌സ് കോട്ടേജില്‍ മോനി വര്‍ഗീസ് എട്ടുവര്‍ഷമാണ് കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് കോടതി കയറിയിറങ്ങിയത്. ഒടുവില്‍ ചെങ്ങന്നൂര്‍ കോടതി ഇയാളെ വെറുതെ വിട്ടു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മോനി.
2013 ജനുവരി 31നാണ് സംഭവങ്ങളുടെ തുടക്കം. കോട്ടയത്തു നിന്ന് ഭാര്യാ പിതാവിന്റെ സഹോദരിക്കൊപ്പം കാറില്‍ കുടശ്ശനാട്ടിലേക്ക് പോകുംവഴി മുളക്കുഴ ഷാപ്പുപടിക്ക് സമീപം ആള്‍ക്കൂട്ടം കണ്ട് മോനി കാര്‍ നിര്‍ത്തി. അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളെയും ചുറ്റും കൂടി നില്‍ക്കുന്ന കാഴ്ചക്കാരെയുമാണ് മോനി കണ്ടത്.
വേഗം പൊലീസില്‍ വിവരമറിയിച്ച് അപകടത്തില്‍ പെട്ട ആളെയും കൊണ്ട് മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയില്‍ എത്തിയതും ആള്‍ മരിച്ചു.
താന്‍ വിളിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് പരുഷമായ ഭാഷയില്‍ സംസാരിക്കുകയും മോനിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷനിലെത്തിയ മോനിയെ കുറ്റവാളി എന്ന കണക്കെയാണ് പൊലീസ് നോക്കിക്കണ്ടത്. വലിയൊരു കേസിലാണ് കുടുങ്ങിയിരിക്കുന്നതെന്നും അയ്യായിരം രൂപ തന്നാല്‍ വെറുതെ വിടാം എന്ന് പൊലീസ് പറഞ്ഞതായും മോനി പറയുന്നു.
ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കിയതിന് എന്തിന് പണം തരണമെന്ന് ചോദിച്ചപ്പോള്‍ പൊലീസ് അടിക്കാന്‍ കൈയ്യോങ്ങിയതായും ഇയാള്‍ ഓര്‍ക്കുന്നു. തുടര്‍ന്ന് കോടതി മോനിക്ക് ജാമ്യം നല്‍കിയെങ്കിലും മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് ചുമത്തിയിരുന്നു.
കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാര്‍ ഓടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു പൊലീസ് ഭാഷ്യം. കൃത്രിമമായ തെളിവുകളും മരിച്ചയാളുടെ സഹോദരനെ ദൃക്‌സാക്ഷി എന്ന നിലയിലും പൊലീസ് അവതരിപ്പിച്ചതായി മോനി പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക