മഞ്ഞപ്പട വീണ്ടും ചിരിക്കുന്നു; ഫൈനലിന്റെ ആവര്‍ത്തനത്തില്‍ വീണ്ടും തോറ്റ് ബെംഗളൂരു
Football
മഞ്ഞപ്പട വീണ്ടും ചിരിക്കുന്നു; ഫൈനലിന്റെ ആവര്‍ത്തനത്തില്‍ വീണ്ടും തോറ്റ് ബെംഗളൂരു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th September 2023, 8:59 am

ഐ.എസ്.എൽ പത്താം സീസണിൽ ബംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി. കൊൽക്കത്ത സാൾട്ട് ലേക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ വിജയം.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ വീണ്ടും മുഖാമുഖം വന്നു എന്ന സവിശേഷതയും മത്സരത്തിന് ഉണ്ടായിരുന്നു.

മത്സരത്തിൽ 3-5-2 ഫോർമേഷനിലാണ് ആതിഥേയർ കളത്തിലിറങ്ങിയത്. എന്നാൽ മറുഭാഗത്ത്‌ 4-3-3 ഫോർമേഷനിലായിരുന്നു ബംഗളൂരു എഫ്.സി അണിനിരന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്താത്തതുകൊണ്ട് ആദ്യപകുതി ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ 68ാം മിനിട്ടിൽ മോഹൻ ബഗാൻ വിജയ ഗോൾ നേടി. ബംഗളൂരുവിന്റെ പ്രതിരോധത്തിൽ ഉണ്ടായ പിഴവ് മുതലെടുത്തുകൊണ്ട് സ്കോട്ടിഷ് താരം ജേസൺ കമ്മിങ്സ് നൽകിയ പാസിൽ നിന്നും സൂപ്പർ താരം ഹ്യുഗോ ബോമസ് പെനാൽട്ടി ബോക്സിൽ നിന്നും ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തിന്റെ 75ാം മിനിട്ടിൽ ബംഗളൂരു താരം സുരേഷ് സിങ് വാൻജം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ബംഗളൂരുവിന് തിരിച്ചടിയായി ഇതോടെ ടീം പത്ത് പേരായി ചുരുങ്ങി. പിന്നീട് സമനില ഗോളിനായി വെസ്റ്റ് ബ്ലൂസ് നിരന്തരം അക്രമം നടത്തിയ ബംഗളൂരുവിന് ലക്ഷ്യം കാണാൻ സാധിക്കാത്തത് തിരിച്ചടിയായി.

ഇഞ്ച്വറി ടൈമിൽ ബംഗളൂരു താരം നയോർമൻ റോഷൻ സിങ് ചുവപ്പ് കാർഡ് കണ്ടതും ബാംഗ്ലൂരിന് കനത്ത തിരിച്ചടിയായി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം മോഹൻ ബഗാനൊപ്പമായിരുന്നു.

ആദ്യ മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട്‌ പരാജയപ്പെട്ട ബംഗളൂരു വിജയവഴിയിൽ തിരിച്ചെത്താനാണ് ശ്രമിച്ചത്. എന്നാൽ ബംഗളൂരുവിന്റെ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ബഗാൻ സ്വന്തം തട്ടകത്തിൽ വിജയം പിടിച്ചെടുത്തത്.

ജയത്തോടെ രണ്ട് മത്സരങ്ങളിൽ രണ്ടും വിജയിച്ച് ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാർ. അതേ സമയം രണ്ട് മത്സരവും പരാജയപ്പെട്ട ബംഗളൂരു പത്താം സ്ഥാനത്താണ്.

ഒക്ടോബർ നാലിന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് ബംഗളൂരുവിന്റെ അടുത്ത മത്സരം.

അതേസമയം ഒക്ടോബർ ഏഴിന് ബഗാൻ ചെന്നൈയിൻ എഫ്.സി യെ നേരിടും. ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയമാണ് വേദി.

Content Highlight: Mohun Bagan defeated Bangaluru FC 1-0 in ISL 2023.