Entertainment news
സിനിമയിലെ മാറ്റങ്ങൾ ഉപകാരപ്പെട്ടു, അല്ലെങ്കിൽ എനിക്ക് സർവൈവ് ചെയ്യാൻ സാധിക്കില്ല: സൈജു കുറുപ്പ്

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് സൈജു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രമായും ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിൻ്റെ അഭിനയജീവിതത്തിലെ ശ്രദ്ധ നേടിയ വേഷങ്ങളാണ്. ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമ നിർമാണത്തിലേക്കും സൈജു കാലെടുത്തുവെച്ചു. ആ സിനിമയിലെ ശശിധരൻ നായർ എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ സിനിമാരംഗത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്.

 

മലയാള സിനിമയിൽ മാത്രമല്ല മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും ഇന്ത്യയൊട്ടാകെ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും സൈജു കുറുപ്പ് പറഞ്ഞു. ഈ മാറ്റങ്ങൾ വന്നത് കൊണ്ട് താൻ വളരെ ഹാപ്പിയാണെന്നും അല്ലെങ്കിൽ താൻ സർവൈവ് ചെയ്യില്ലായിരുന്നുവെന്നും സൈജു പറയുന്നു.

കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യം പറഞ്ഞത്.

‘മലയാള സിനിമയിൽ മാത്രമല്ല മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയൊട്ടാകെ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഫിലിമിൽ നിന്നും ഡിജിറ്റലിലേക്ക് മാറി. ഡയറക്ഷൻ ടീമിൽ വർക് ചെയ്യാത്ത ആൾക്കാർ സിനിമ ഡയറക്ട് ചെയ്യുന്നു, അത് ഹിറ്റാകുന്നു. ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്നുണ്ട്.

എന്നെ സംബന്ധിച്ച് ഈ മാറ്റങ്ങൾ ഉണ്ടായതിൽ ഞാൻ വളരെ ഹാപ്പിയാണ്. ഇപ്പോഴും പണ്ടത്തെ ഫിലിം ആയിരുന്നെങ്കിൽ എന്നെ പോലെ മൾട്ടിപ്പിൾ ടേക്സ് എടുക്കുന്ന ഒരു ആക്ടർ ചിലപ്പോൾ സർവൈവ് ചെയ്യില്ല. ഇപ്പോൾ ഡിജിറ്റലായത് കൊണ്ട് അതിൻ്റെ ഗുണമുണ്ട്. ഫിലിം വേസ്റ്റ് ആകുന്ന പ്രശ്നം ഇല്ലല്ലോ? അപ്പോൾ എത്ര ടേക്സ് പോയാലും കുഴപ്പമില്ല.

നമ്മുടെ സീനിയേഴ്സ് ആയിട്ടുള്ള മിക്കവരും ഫസ്റ്റ് ടേക്കിലൊക്കെ ഓക്കെ ആക്കിക്കാണും ആ സമയത്ത്. അതൊക്കെ എന്ത് പെർഫെക്ട് ഷോട്ട് ആയിരുന്നു. ന്യൂ ജനറേഷൻ ഫിലിം മേക്കേഴ്സ് വന്നപ്പോഴേക്കും ചെറുപ്പക്കാരായിട്ടുള്ള ഹീറോസ് ഉണ്ടായി. പ്രൊജക്ട്സ് കൂടി. അപ്പോൾ എന്നെപ്പോലെയുള്ള ആക്ടേഴ്സിന് അതിൽ സ്പേസ് കിട്ടാൻ തുടങ്ങി, സപ്പോർട്ടിങ് റോളിൽ. ആ മാറ്റങ്ങളൊക്കെ ഒരു നടൻ എന്ന നിലയിൽ എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup talking about the changes in Malayalam Cinema