മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസിന് തയാറെടുക്കുകയാണ്. ഫസ്റ്റ് ലുക്ക് മുതല്‍ ഓരോ അനൗണ്‍സ്മെന്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ ട്രെയ്ലറിലൂടെ എമ്പുരാന്റെ മേലുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. കേരളത്തില്‍ ബുക്കിങ് ആരംഭിച്ചതുമുതല്‍ വന്‍ ഡിമാന്‍ഡാണ് എമ്പുരാന്റെ ടിക്കറ്റുകള്‍ക്ക്.
എമ്പുരാനില്‍ പോസ്റ്ററിലും ടീസറിലും ട്രെയ്ലറിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നതാണ് ഇല്ലുമിനാട്ടിയുടേത് എന്ന രീതിയില്‍ പറയപ്പെടുന്ന സിംബലുകള്‍. എന്താണ് ഈ സിംബലുകള്‍ അര്‍ത്ഥമാക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്. സിംബലിന്റെ അര്‍ത്ഥം എന്താണെന്ന് താന്‍ ‘പറയില്ല’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എമ്പുരാന്റെ പ്രസ് മീറ്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.
ആദ്യഭാഗമായ ലൂസിഫര്‍ വന്‍ വിജയമായതിന് പിന്നാലെ ഇതൊരു ട്രയോളജിയായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആദ്യഭാഗത്തെക്കാള്‍ വലിയ ലോകത്തിന്റെ കഥ പറയുന്ന എമ്പുരാന്‍ അവസാനിക്കുന്നത് ഒരു ക്ലിഫ് ഹാങ്ങിങ് മൊമന്റിലായിരിക്കുമെന്ന് പൃഥ്വിരാജ് അടുത്തിടെ പറയുകയും ചെയ്തു. ഒരു കാരണവശാലും എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ് സീനുകള്‍ മിസ് ചെയ്യരുതെന്നും മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ അതിലുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്‍ഡ് ക്രെഡിറ്റില്‍ കാണിക്കുന്ന ന്യൂസ് കട്ടിങ്ങുകളിലൂടെ മൂന്നാം ഭാഗത്തിന്റെ കഥ പറയുന്ന ലോകം എത്ര വലുതായിരിക്കുമെന്ന് അറിയാമെന്നും പൃഥ്വിരാജ് പറഞ്ഞു.
ബുക്കിങ് ആരംഭിച്ചതിന് ശേഷം വന്‍ ഡിമാന്‍ഡാണ് എമ്പുരാന് പല തിയേറ്ററകളിലും കാണാന്‍ സാധിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങി വന്‍ നഗരങ്ങളില്‍ ഇതിനോടകം ആദ്യദിവസത്തെ പല ഷോസും ഫുള്ളായിക്കഴിഞ്ഞു. പല തിയേറ്ററുകളിലും ആദ്യദിവസത്തെ ഷോയുടെയും ടിക്കറ്റുകള്‍ വിറ്റുപോയപ്പോള്‍ ചിലയിടത്ത് ആദ്യ വീക്കെന്‍ഡിലെ എല്ലാ ഷോയുടെയും ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.
ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയുടെ സെര്‍വര്‍ ക്രാഷാവുകയും ചെയ്തു. എന്നാല്‍ അതിനെക്കാളേറെ ശ്രദ്ധേയമായത് ആദ്യ ഒരുമണിക്കൂറില്‍ വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണമാണ്. 96000 ടിക്കറ്റുകളാണ് ആദ്യമണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമുയര്‍ന്ന റെക്കോഡാണിത്.
Content Highlight: Prithviraj Sukumaran Talks About Empuraan Movie