Advertisement
Entertainment
നിർമാതാവിനെ സമ്മർദത്തിലാക്കിയായാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും: സാന്ദ്ര തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 20, 09:45 am
Thursday, 20th March 2025, 3:15 pm

ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ വ്യക്തിയാണ് സാന്ദ്ര തോമസ്. ഇന്ന് മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര. സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ തുടങ്ങിയ സിനിമകൾ നിർമിച്ചത് സാന്ദ്ര തോമസാണ്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ മൂന്ന് സിനിമകളും സാന്ദ്ര നിർമിച്ചിട്ടുണ്ട്. സിനിമാനിർമാണത്തിന് പുറമെ ചില സിനിമകളിൽ അഭിനയിക്കാനും സാന്ദ്രക്ക് സാധിച്ചിട്ടുണ്ട്.

നിർമാതാക്കളോടുള്ള താരങ്ങളുടെ മാറിയ സമീപനത്തെ കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. താരങ്ങൾക്ക് നിർമാതാക്കൾ വെറും ക്യാഷ്യർ മാത്രമാണ് ഇപ്പോഴെന്ന് സാന്ദ്ര തോമസ് പറയുന്നു. നിർമാതാവിനെ സമ്മർദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കുമെന്നും അങ്ങനെ വന്നതോടെ പല നിർമാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അവഗണന നേരിടേണ്ടി വരുന്നുവെന്നും സാന്ദ്ര പറഞ്ഞു.

നിർമാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ടെന്നും അതുകൊണ്ട് നിർമാതാക്കളെ എത്ര വെറുപ്പിച്ചാലും അവർ താരങ്ങളുടെ പിന്നാലെ പോകും എന്നത് സത്യമാണെന്നും അവർ കൂട്ടിച്ചേർത്തു. നാനാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.

‘കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയിൽ കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്. മുമ്പ് കയ്യിൽ കാശുള്ളവർ മാത്രമാണ് സിനിമ ചെയ്‌തിരുന്നത്. ഇന്നതിൻ്റെ ആവശ്യമില്ല. നന്നായി ഡീൽ ഉറപ്പിക്കാൻ കഴിവുള്ള ആർക്കും പടം ചെയ്യാം.

ചാനലുകളിൽ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോൾ ചെയ്ത് ആർക്കും സിനിമ നിർമിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നതോടെ താരങ്ങൾക്ക് നിർമാതാക്കൾ എന്നാൽ വെറും ക്യാഷ്യർ മാത്രമായി മാറി.

ഒരു നിർമാതാവിനെ സമ്മർദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും. അങ്ങനെ വന്നതോടെ പല നിർമാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു. ഇത്രയധികം ക്യാഷ് മുടക്കി പടമെടുക്കുന്ന ഒരാളോട് കാട്ടേണ്ട ഒരു സാമാന്യ മര്യാദയുണ്ടല്ലോ. അതുപോലും പലരും കാട്ടാറില്ല.

നിർമാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്. അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവർ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദുഃഖകരമായ സത്യമാണ്,’ സാന്ദ്ര തോമസ് പറയുന്നു.

Content Highlight: Sandra Thomas talks about the changed attitude of Stars towards producers