പുതുവര്‍ഷത്തില്‍ പുതുറെക്കോഡ്; ചരിത്രത്തില്‍ അഞ്ചാമന്‍ സലാ
Football
പുതുവര്‍ഷത്തില്‍ പുതുറെക്കോഡ്; ചരിത്രത്തില്‍ അഞ്ചാമന്‍ സലാ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 8:01 am

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിന് വിജയതുടക്കം. ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്.

മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലാ നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സലായെ തേടിയെത്തിയത്.

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിനായി 150 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ഈജിപ്ഷ്യന്‍ സൂപ്പര്‍താരം നടന്നുകയറിയത്. ഇതോടെ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി 150 ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും സലാക്ക് സാധിച്ചു.

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി 150 ഗോളുകള്‍ നേടിയ താരങ്ങള്‍

(താരം, ക്ലബ്ബ് എന്നീ ക്രമത്തില്‍)

ഹാരി കെയ്ന്‍- ടോട്ടന്‍ഹാം ഹോട്‌സ്പര്‍

സെര്‍ജിയോ അഗ്യൂറോ- മാഞ്ചസ്റ്റര്‍ സിറ്റി

വെയ്ന്‍ റൂണി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

തിയറി ഒന്റ്‌റി- ആഴ്സണല്‍

മുഹമ്മദ് സലാ- ലിവര്‍പൂള്‍

ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരുടീമിനും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ആയിരുന്നു മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്.

മുഹമ്മദ് സലാ (49,86), കുര്‍ട്ടിസ് ജോണ്‍സ് (74), കോഡി ഗാക്‌പോ (78) എന്നിവരായിരുന്നു ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.

അതേസമയം അലക്‌സാണ്ടര്‍ ഐസക് (54), സ്വെന്‍ ബോട്ട്മാന്‍ (81) എന്നിവരായിരുന്നു ന്യൂകാസിലിന്റെ സ്‌കോറര്‍മാര്‍.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്‌ളോപ്പും കൂട്ടരും.

ജനുവരി ഏഴിന് ആഴ്സണലിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ഗണ്ണേഴ്സിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Mohemmed Salah create a new record.