Entertainment news
കൂടെ പിറന്നില്ല എന്നേയുള്ളൂ, മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാണ്; പ്രിയതാരത്തിന് പിറന്നാളാശംസകള് നേര്‍ന്ന് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 07, 06:18 am
Wednesday, 7th September 2022, 11:48 am

മലയാളത്തിന്റെ എവര്‍ഗ്രീന്‍ യൗവനമായ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് സിനിമാ ലോകമൊന്നാകെ.

ഇപ്പോള്‍ തന്റെ ഇച്ചാക്കക്ക് ആശംസകള്‍ നേര്‍ന്ന് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ ഇച്ചാക്ക എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

”മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം.

അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മബന്ധമുണ്ടാക്കാം.


കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത്, ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെയല്ല, ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം.

ഒരേ കാലത്താണ് സിനിമയിലെത്തിയതെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍, വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍, ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല.

ഈ ജന്മനാളില്‍ എന്റെ പ്രിയപ്പെട്ട ഇച്ചാക്കക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഹാപ്പി ബര്‍ത്ത്‌ഡേ ഇച്ചാക്ക. ലോട്ട്‌സ് ഓഫ് ലവ് ആന്‍ഡ് പ്രയേഴ്‌സ്,” മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസകള്‍ നേരാറുള്ളത്. ഈ വീഡിയോകള്‍ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.

മോഹന്‍ലാലിന് പുറമെ തിരക്കഥാകൃത്ത് ഹര്‍ഷദ്, നടി മഞ്ജു വാര്യര്‍, രമേഷ് പിഷാരടി അടക്കമുള്ള താരങ്ങളും പ്രിയതാരം മമ്മൂക്കക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Mohanlal shares birthday wishes video to Mammootty