ഷേവ് ചെയ്യാന്‍ പറ്റില്ല, സാഹചര്യം അങ്ങനെയായിപ്പോയി: മോഹൻലാൽ
Entertainment
ഷേവ് ചെയ്യാന്‍ പറ്റില്ല, സാഹചര്യം അങ്ങനെയായിപ്പോയി: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th December 2023, 11:52 am

മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞ മുഖമാണ് മോഹൻലാലിന്റേത്. നാല്പതിലേറെ വർഷങ്ങളായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞ് നിൽക്കുന്ന മോഹൻലാലിന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം ചെറിയ വ്യത്യാസങ്ങൾ വന്നാൽ പോലും മലയാളികൾക്കിടയിൽ അതൊരു സംസാര വിഷയമാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ മോഹൻലാലിന്റെ താടിയും ഒരു വിഷയമായിട്ടുണ്ട്.

ഈയിടെയായി മോഹൻലാൽ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും താടി വെച്ച ഗെറ്റപ്പിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ മീശ പിരിയിലൂടെ വലിയ വിജയം നേടിയ ചിത്രങ്ങളെല്ലാം മോഹൻലാലിന്റെ പേരിലാണ്.

തങ്ങളുടെ ഇഷ്ട നടനെ ആ പഴയ ഗെറ്റപ്പിൽ ഒന്ന് കാണണമെന്നത് ആരാധകരുടെയും ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഓരോ പുതിയ സിനിമകൾ അനൗൺസ് ചെയ്യുമ്പോഴും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.

എന്നാൽ സിനിമകളുടെ കണ്ടിന്യുവിറ്റിക്ക് വേണ്ടിയാണ് താടി വടിക്കാത്തതെന്നും താൻ അഭിനയിച്ച റാം, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് താടി ആവശ്യമായിരുന്നുവെന്നും പറയുകയാണ് മോഹൻലാൽ. ഷേവ് ചെയ്താൽ താടി വീണ്ടും വളരുമെന്നും അതുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എപ്പോൾ കാണാൻ പറ്റുമെന്ന അവതാരകന്റെ ചോദ്യത്തിന് ഏഷ്യാനെറ്റ്‌ ന്യൂസിനോട് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു കണ്ടിന്യുവിറ്റിയിൽ ആയിപോയി. ഞാൻ അഭിനയിച്ച റാമിലും എമ്പുരാനിലുമെല്ലാം ഒരു കണ്ടിന്യുവിറ്റി ആയിപോയി അതുകൊണ്ടാണ്. ഷേവ് ചെയ്യാൻ പറ്റുന്നില്ല. സംവിധായകരോട് പറയാം എളുപ്പം ഷൂട്ട്‌ ചെയ്യാൻ. പിന്നെ ഇത്‌ വളരുന്നതാണ്. ഷേവ് ചെയ്താൽ വീണ്ടും വളരും അതുകൊണ്ട് ഒന്നും ചെയ്യാനും പറ്റില്ല,’മോഹൻലാൽ പറയുന്നു.

അതേസമയം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന നേര് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്തും. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, സിദ്ദിഖ് തുടങ്ങുയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight:  Mohanlal Says That  Why Doesn’t He Shave His Beard?