അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ രാജിവെച്ചു; എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടു
താരസംഘടനായ അമ്മയില്‍ കൂട്ടരാജി. മോഹന്‍ലാല്‍ രാജിവെച്ചു. രാജിയുടെ പശ്ചാത്തലത്തില്‍ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ അമ്മയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു.
296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.
കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചിരുന്നു. അമ്മയുടെ ജോയിന്‍ സെക്രട്ടറി ആയിരുന്ന ബാബുരാജ് സിദ്ദിഖിന്റെ രാജിക്ക് ശേഷം ആക്ടിങ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നാലെ ബാബുരാജിന് എതിരെ ആരോപണങ്ങള്‍ ഉയരുകയും പലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മോഹന്‍ലാലിന്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ – ദൃശ്യ – അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.
രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്ക് ഉണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.
Content Highlight: Mohanlal Resigned In Amma; Executive dismissed