[share]
[]കൊച്ചി: വിവാദങ്ങള്‍ക്കിടയില്‍ മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് നടന്‍ മോഹന്‍ലാല്‍. അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് മാതാ അമൃതാനന്ദമയിയെന്ന് മോഹന്‍ലാല്‍.
മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെയുള്ള ആരോപണങ്ങള്‍ ഒരു കാര്‍മേഘം പോലെ പെയ്തു തീരുമെന്നും അതൊന്നും വിശ്വാസികളെ ബാധിക്കില്ലെന്നും നടന്‍ അഭിപ്രായപ്പെട്ടു.
മഹാത്മാക്കള്‍ക്കെതിരെ മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. അത് കേരളത്തില്‍ മാത്രമല്ല. എല്ലായിടത്തും നടന്നിട്ടുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍പ്പുമായി കുറച്ചു പേര്‍ വരും. എനിയ്ക്ക് അമ്മയുമായി 40 വര്‍ഷത്തെ ബന്ധമുണ്ട്.
ഒരു ഭക്തനെന്ന നിലയിലും മകനെന്ന നിലയിലും ആ സ്‌നേഹവും കാരുണ്യവും ഞാന്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. അമ്മയുടേത് പവിത്രമായ വ്യക്തിത്വമാണ്. അത് എനിക്കും കുടുംബത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്.
അമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒരാഘോഷമാണ്. അമ്മയെന്താണെന്ന് ചിലര്‍ തിരിച്ചറിയുന്നില്ല എന്നതാണ് സങ്കടം.അവര്‍ സ്വന്തം തെറ്റുകളെങ്കിലും തിരിച്ചറിയട്ടെ- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
20 വര്‍ഷത്തോളം മാതാ അമൃതാനന്ദമയിയുടെ വിശ്വസ്ത ശിഷ്യയായിരുന്ന ഓസ്‌ട്രേലിയന്‍ സ്വദേശിനി ഗെയ്ല്‍ ട്രെഡ്‌വെല്‍ തന്റെ പുസ്തകത്തിലൂടെ അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരെ ആരോപണങ്ങളുന്നയിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.
ആശ്രമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും ലൈംഗിക അതിക്രമങ്ങളും നടക്കുന്നുവെന്നും ഗെയ്ല്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു.