ദുര്‍ഗന്ധം വമിക്കുന്ന ചളിയിലേക്കെടുത്ത് ചാടിയ മോഹന്‍ലാല്‍, നമിച്ചുപോയ നിമിഷമെന്ന് തിരക്കഥാകൃത്ത്
Movie Day
ദുര്‍ഗന്ധം വമിക്കുന്ന ചളിയിലേക്കെടുത്ത് ചാടിയ മോഹന്‍ലാല്‍, നമിച്ചുപോയ നിമിഷമെന്ന് തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th December 2020, 1:21 pm

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജനുവരി ഒരു ഓര്‍മ’യുടെ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാല്‍ ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്ന് ഫൈറ്റ് ചെയ്തതിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. കൊടൈക്കനാലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് നടന്നത്.

മാധ്യമം ആഴ്ചപ്പതിപ്പില്‍ സീരീസായി പ്രസിദ്ധീകരിക്കുന്ന കലൂര്‍ ഡെന്നീസിന്റെ ആത്മകഥ ‘നിറഭേദങ്ങളി’ലാണ് അദ്ദേഹം ഈ ഓര്‍മ പങ്കുവെച്ചത്.

കലൂര്‍ ഡെന്നീസ് എഴുതിയതിങ്ങനെ:

ഇന്നും ‘ജനുവരി ഒരു ഓര്‍മ’യുടെ ഷൂട്ടിംഗ് കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്നത് ലാലിന്റെ ഒരു ഫൈറ്റ് സ്വീക്വന്‍സാണ്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു.

രാവിലെ ഷൂട്ടിന് വേണ്ടി ജോഷിയും ഞാനും കൂടി ലൊക്കേഷനില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച വല്ലാതെ മനം മടുപ്പിക്കുന്നതായിരുന്നു. മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം ലാല്‍ ഫൈറ്റ് ചെയ്യാന്‍. അത് കണ്ടപ്പോള്‍ ലാല്‍ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു ജോഷിയ്ക്ക്. ആ സമയം ലാലും എത്തി.

ഫൈറ്റ് ചെയ്യാനുള്ള ചളിക്കുഴി കണ്ടിട്ട് ലാലിന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല. ലാല്‍ ഞങ്ങളോട് പതിവ് തമാശകളൊക്കെ പറഞ്ഞുതുടങ്ങിയപ്പോള്‍ അയാളുടെ മനസ്സറിയാനായി എല്ലാവരും കേള്‍ക്കെ ജോഷി ചോദിച്ചു;

‘ഛെ..! ഇവിടെ എങ്ങിനെയാ ഷൂട്ട് ചെയ്യുന്നത്… വല്ലാത്ത നാറ്റമാണല്ലോ?
എവിടെ ആര്‍ട്ട് ഡയറക്ടര്‍… നമുക്ക് വേറെ ലൊക്കേഷന്‍ നോക്കാം.”
അതുകേട്ട് ലാല്‍ വളരെ കൂളായിട്ട് പറഞ്ഞു:
‘അതുവേണ്ട സാര്‍. നമുക്കിവിടെ തന്നെ എടുക്കാം.’
ഞങ്ങള്‍ ലാലിനെ നമിച്ചുപോയ നിമിഷമായിരുന്നു അത്.

ലാല്‍ വേഗം തന്നെ മേക്കപ്പ് ചെയ്ത് തയ്യാറായി വന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ലാലിന്റെ ഫൈറ്റ് പുരോഗമിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് മഴ പൊട്ടിപ്പുറപ്പെട്ടത്. ഷൂട്ടിംഗ് അപ്പോള്‍ തന്നെ ബ്രേക്കായി. ദേഹം മുഴുവന്‍ ചളിയുമായി ലാല്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ജോഷി പാക്കപ്പ് പറയാന്‍ തുടങ്ങുമ്പോള്‍ ലാല്‍ പറഞ്ഞു:
”വേണ്ട സാര്‍.. മഴ മാറുമോ എന്ന് കുറച്ചുനേരം കൂടി നോക്കാം…”

മഴ കുറയുമെന്ന് കരുതി കുറേനേരം കൂടി നിന്നെങ്കിലും കൂടിക്കൂടി വരുന്നത് കണ്ടപ്പോള്‍ ജോഷി പാക്കപ്പ് പറഞ്ഞു. ഫൈറ്റ് പൂര്‍ത്തിയാക്കാന്‍ പറ്റാത്തതില്‍ ഏറ്റവും വലിയ നിരാശ ലാലിനായിരുന്നു. ലാല്‍ മുറിയിലെത്തി ദേഹം കഴുകി വൃത്തിയാക്കാന്‍ തന്നെ ഒത്തിരി സമയമെടുത്തു എന്നാണ് പിന്നീടറിഞ്ഞത്.

ഫൈറ്റിന്റെ ബാക്കി എടുക്കാനായി പിറ്റേ ദിവസം ഉച്ചയോടെ ഞങ്ങള്‍ വീണ്ടും അതേ ലൊക്കേഷനിലെത്തി. മഴ പെയ്ത് ‘ചള പാളാ’ന്നു കിടക്കുന്ന ചളിയില്‍ കിടന്ന് ഫൈറ്റ് ചെയ്യാന്‍ ലാലിന് അപ്പോഴും ഒരു മടിയും ഉണ്ടായിരുന്നില്ല.

ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു ലൊക്കേഷനില്‍ എല്ലാവരുടെയും സംസാരം. ഏതോ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി.

കലൂര്‍ ഡെന്നിസ്‌

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal jumped to dirty pod for fight shoot – kaloor dennis remembers