റിലീസിനൊരുങ്ങുന്ന മോണ്‍സ്റ്ററിനെ കുറിച്ചുള്ള വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഓരോ വീഡിയോകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്നത്.
മോണ്‍സ്റ്ററില്‍ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് മോഹന്‍ലാല്‍ ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹന്‍ലാല്‍.
‘പെട്ടെന്ന് ചോദിച്ചാല്‍ ഞാന്‍ എന്റെ കഥാപാത്രം എന്ന് പറയും. പക്ഷെ എനിക്ക് ആ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് ആ കൊച്ചുകുട്ടിയെയാണ്. അത്രയും രസകരമായിരുന്നു ആ കുട്ടിയോടൊപ്പമുള്ള ഷൂട്ടിങ്.
ആ കഥാപാത്രം കുറച്ച് സമയമേ ഉള്ളുവെങ്കിലും വളരെ പ്രധാനപ്പെട്ടതാണ്. രസകരമയാണ് ആ കുട്ടി അത് ചെയ്തിരിക്കുന്നതും. നിങ്ങള്‍ക്ക് കാണുമ്പോള്‍ അത് മനസിലാകും.
ഒരുപക്ഷെ മോണ്‍സ്റ്ററിലെ ഒരു ആശ്വാസമായിരിക്കും ഈ കഥാപാത്രം. ആ കുട്ടിയും കുട്ടിയോടൊപ്പമുള്ള പാട്ടും കാര്യങ്ങളുമൊക്കെ. സിനിമയിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രമാണ് കുട്ടിയുടേത്,’ മോഹന്‍ലാല്‍ പറഞ്ഞു.
‘മോണ്‍സ്റ്ററിലെ മധുരമാണീ കുഞ്ഞാറ്റ’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാറ്റയും മോഹന്‍ലാല്‍ കഥാപാത്രമായ ലക്കി സിങും ചേര്‍ന്നുള്ള പാട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ഗൂം ഗൂം എന്ന് തുടങ്ങുന്ന പാട്ട് പഞ്ചാബ് മലയാളം മിക്സായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കിടിലന്‍ ഡാന്‍സ് മൂവ്സ് ഉള്ള പാട്ടില്‍ ഹണി റോസ്, സുദേവ് നായര്‍ എന്നിവരുമെത്തുന്നുണ്ട്.
ഹരി നാരായണന്‍, തനിഷ്‌ക നബാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളം ഭാഗങ്ങള്‍ പാടിയത് പ്രകാശ് ബാബുവും ഹിന്ദി വരികള്‍ പാടിയത് അലി ഖുലി മിര്‍സയുമാണ്.
ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. ഒക്ടോബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ്. പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.’
പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. നേരത്തെ ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.