Asia Cup
എല്ലാം വിധിയാണ്, ചിലപ്പോള്‍ എത്ര ശ്രമിച്ചിട്ടും കാര്യമുണ്ടാകില്ല എന്ന് ഞാന്‍ മനസിലാക്കി; ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ സിറാജ്
കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് വിജയമാഘോഷിച്ചത്. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്.
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് താരം നേടിയത്. ഒരു ഓവറില്‍ വീഴ്ത്തിയ നാല് വിക്കറ്റുകളും ഇതില്‍ ഉള്‍പ്പെടും.
ലങ്കന്‍ ടോപ് ഓര്‍ഡറിനെയും മധ്യനിരയില്‍ കരുത്തന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയെയും പുറത്താക്കിയാണ് സിറാജ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കുകയും വെറും 37 പന്തില്‍ ലക്ഷ്യം ചെയ്‌സ് ചെയ്ത് വിജയിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം സിറാജ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. വിജയത്തിന് പിന്നാലെ ഒഫീഷ്യല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സുമൊത്തുള്ള സ്‌നാപ് ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങളാണിത്.
‘കഴിഞ്ഞ തവണ ശ്രീലങ്കക്കെതിരെ തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ എനിക്ക് നാല് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു, പക്ഷേ ഫൈഫര്‍ നേടാന്‍ സാധിച്ചിരുന്നില്ല. ചിലപ്പോള്‍ എത്ര പരിശ്രമിച്ചിട്ടും കാര്യമുണ്ടാകില്ല, നിങ്ങള്‍ക്ക് വിധിച്ചതെന്താണോ അത് മാത്രമേ ലഭിക്കൂ എന്ന് ഞാന്‍ മനസിലാക്കി. കാര്യങ്ങള്‍ എപ്പോഴും ലളിതമാക്കാനും എന്റെ ലൈനും ലെങ്തും കത്യമായി എക്‌സിക്യൂട്ട് ചെയ്യാനുമാണ് ഞാന്‍ ആഗ്രഹിച്ചത്,’ സിറാജ് പറഞ്ഞു.
2023 ജനുവരിയില്‍ നടന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരത്തെ കുറിച്ചാണ് സിറാജ് പറഞ്ഞത്. തിരുവനന്തപുരം ഗ്രാന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 317 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലിയുടെയും (110 പന്തില്‍ 166*) ശുഭ്മന്‍ ഗില്ലിന്റെയും (97 പന്തില്‍ 116) വെടിക്കെട്ട് ഇന്നിങ്‌സും സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്.
പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് സിറാജ് നേടിയത്. അവിഷ്‌ക ഫെര്‍മാണ്ടോ, നുവാനിന്ദു ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, വാനിന്ദു ഹസരങ്ക എന്നിവരെയാണ് സിറാജ് മടക്കിയത്.
ഇതിനൊപ്പം ചമിക കരുണരത്‌നെയെ താരം റണ്‍ ഔട്ടാക്കുകയും ചെയ്തിരുന്നു. ഇത് റണ്‍ ഔട്ടായതിനാല്‍ വിക്കറ്റ് നേട്ടം സിറാജിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നില്ല. ഒരുപക്ഷേ അന്ന് അഞ്ച് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ താരത്തിന്റെ ആദ്യ ഫൈഫറാകുമായിരുന്നു അത്.
സിറാജിന് പുറമെ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തി. ഒടുവില്‍ ലങ്ക 73 റണ്‍സിന് ഓള്‍ ഔട്ടാവുകയും ഇന്ത്യ മത്സരം 317 റണ്‍സിന് വിജയിക്കുകയുമായിരുന്നു.
ഇന്ത്യ ആ പരമ്പര 3-0ന് വിജയിച്ചിരുന്നു. മൂന്ന് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റാണ് സിറാജ് ആകെ വീഴ്ത്തിയത്.
Content Highlight: Mohammed Siraj about destiny