വിരമിക്കലോ! 2026 ടി-20 ലോകകപ്പിലും 2027 ലോകകപ്പിലും ഞാന്‍ ബുംറക്കൊപ്പം പന്തെറിയും, അത് നിങ്ങള്‍ക്ക് കാണാനാകും
Sports News
വിരമിക്കലോ! 2026 ടി-20 ലോകകപ്പിലും 2027 ലോകകപ്പിലും ഞാന്‍ ബുംറക്കൊപ്പം പന്തെറിയും, അത് നിങ്ങള്‍ക്ക് കാണാനാകും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th July 2024, 7:56 am

2023 ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കിന്റെ പിടിയിലകപ്പെട്ട സൂപ്പര്‍ താരം മുഹമ്മദ് ഷമി തിരിച്ചുവരവിനൊരുങ്ങുകയാണ്. ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം നെറ്റ്‌സില്‍ പന്തെറിഞ്ഞും മുടങ്ങാതെ പ്രാക്ടീസ് നടത്തിയും ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്റെ കുന്തമുനയാകാനുള്ള ഒരുക്കത്തിലാണ് സ്റ്റാര്‍ പേസര്‍.

വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബുറ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായേക്കുമെന്നാണ് വിശ്വസിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇത്തവണത്തെ സീരീസിന് വേദിയാകുന്നത്.

 

 

പരിക്കിന് പിന്നാലെ താരത്തിന് 2024 ഐ.പി.എല്ലും ടി-20 ലോകകപ്പും നഷ്ടമായിരുന്നു. ലോകകപ്പിന് പിന്നാലെ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചതിനെ കുറിച്ചും തന്റെ പടിയിറക്കത്തെ കുറിച്ചും സംസാരിക്കുകയാണ് ഷമി ഇപ്പോള്‍. ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.

വിരമിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അടുത്ത ലോകകപ്പിലും താന്‍ പന്തെറിയുന്നത് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു.

‘നിലവില്‍ കിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരു പ്ലാനുമില്ല, ഞാന്‍ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. എപ്പോള്‍ എനിക്ക് ഈ ഗെയിം മടക്കുന്നുവോ അപ്പോള്‍ ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കും. കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും എനിക്ക് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും,’ ഷമി പറഞ്ഞു.

2026 ടി-20 ലോകകപ്പിലും 2027 ഏകദിന ലോകകപ്പിലും താന്‍ പന്തെറിയുന്നത് കാണാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു.

‘2026 ടി-20 ലോകകപ്പിലും 2027 ലോകകപ്പിലും ഞാന്‍ ജസ്പ്രീത് ബുംറക്കൊപ്പം പന്തെറിയുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും,’ ഷമി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് മറ്റ് രണ്ട് ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ കളിക്കും. ജൂലൈ 27ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോള്‍ സീരീസുകള്‍ക്ക് ശേഷം മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഈ വര്‍ഷം ഇന്ത്യ കളിക്കുക. സ്വന്തം മണ്ണില്‍ രണ്ട് പരമ്പരകളും എതിരാളികളുടെ തട്ടകത്തില്‍ ഒരു പരമ്പരയും ഇന്ത്യ കളിക്കും.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇതില്‍ ആദ്യത്തേത്. ഈ പര്യടനത്തില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയുമാണുള്ളത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം.

സെപ്റ്റംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ചെപ്പോക്കാണ് വേദി. സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ഗ്രീന്‍ പാര്‍ക്കാണ് വേദിയാകുന്നത്.

ബംഗ്ലാ കടുവകളുടെ പര്യടനത്തിന് പിന്നാലെ കിവികളും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 16നാണ് പരമ്പര ആരംഭിക്കുന്നത്.

ആദ്യ മത്സരത്തിന് ചിന്നസ്വാമി സ്റ്റേഡിയവും രണ്ടാം മത്സരത്തിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയവും വേദിയാകുമ്പോള്‍ വാംഖഡെയാണ് മൂന്നാം ടെസ്റ്റിന് വേദിയാകുന്നത്.

ഇതിന് ശേഷം ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ നാല് ടി-20കളുടെ പരമ്പര കളിച്ച് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രലിയയിലേക്ക് പറക്കും. നവംബര്‍ അവസാന വാരം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ബി.ജി.ടി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

 

Content Highlight: Mohammad Shami about retirement