മുഖ്യമന്ത്രി എന്ന് പറയുന്നത് സംസാരിക്കാനാറിയാത്ത സാധനമാണോ?; മോഫിയയുടെ മരണത്തില്‍ പിണറായിയ്‌ക്കെതിരെ കെ.എസ്.യു പ്രവര്‍ത്തക
Kerala News
മുഖ്യമന്ത്രി എന്ന് പറയുന്നത് സംസാരിക്കാനാറിയാത്ത സാധനമാണോ?; മോഫിയയുടെ മരണത്തില്‍ പിണറായിയ്‌ക്കെതിരെ കെ.എസ്.യു പ്രവര്‍ത്തക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 11:05 pm

കൊച്ചി: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് കെ.എസ്.യു പ്രവര്‍ത്തക.

മോഫിയയുടെ പരാതിയില്‍ പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും പോഷകസംഘടനകളും വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തക മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരമന്ത്രി സംസാരിക്കാനാറിയാത്ത വസ്തുവാണോയെന്നും സ്ഥാനത്ത് നിന്നും ഇറങ്ങി പോകണമെന്നും കെ.എസ്.യു പ്രവര്‍ത്തക ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അവരുടെ പ്രതികരണം.

പൊലീസ്, പൊലീസിന്റെ പണിയെടുക്കാതെ കുട്ടി സഖാക്കളുടെ പണിയെടുത്താല്‍ തങ്ങളും തിരിച്ചടിക്കുമെന്ന് കെ.എസ്.യു പ്രവര്‍ത്തക പറഞ്ഞു.

കെ.എസ്.യു പ്രവര്‍ത്തകയുടെ വാക്കുകള്‍

ഞങ്ങളെ പോലെ മുദ്രവാക്യം വിളിക്കേണ്ട, ഞങ്ങളെ പോലെ പോരാടേണ്ട കുട്ടിയാണ്. അവള്‍ക്ക് തന്റേടമില്ലാഞ്ഞിട്ടല്ല. നീതിക്ക് വേണ്ടിയാണ് അവള്‍ സ്റ്റേഷനില്‍ ചെന്നത്. ആ നിമിഷം വരെ ആത്മഹത്യയെ പറ്റി ചിന്തിച്ചു കാണില്ല. ഇരക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നിന്ന സി.ഐയേയും പൊലീസുകാരേയുമാണ് കണ്ടത്.

ആരും തന്റെയൊപ്പമില്ല എന്ന് അറിഞ്ഞപ്പോഴാണ് അവള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. നീതി കിട്ടും വരെ ഞങ്ങള്‍ പോരാടും.

ഞങ്ങളുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കുട്ടിയാണ്. ജീവനെടുത്തത് കൊണ്ട് എന്ത് വിജയമാണ് ഉദ്ദേശിക്കുന്നത്. പൊലീസ്, പൊലീസുകാരുടെ ജോലി ചെയ്യണം. കുട്ടി സഖാക്കളുടെ പണി എടുത്താല്‍ ഞങ്ങള്‍ തിരിച്ചടിക്കും. പ്രതികരിക്കാനറിയാന്‍ പാടില്ലാഞ്ഞിട്ടല്ല.

സ്ത്രീകള്‍ക്ക് വേണ്ടി ചങ്ങല തീര്‍ത്ത സഖാവിന്റെ ഭരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിക്കെതിരെ അച്ഛന്റേയും പ്രതിയുടെയും മുന്നില്‍ വെച്ച് പൊലീസ് അധിക്ഷേപിച്ച് സംസാരിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാത്ത ആഭ്യന്തരമന്ത്രിയാണ് ഇവിടെ ഭരിക്കുന്നത്. ഇതിനെതിരെ കെ.എസ്.യു പ്രതികരിക്കും.

ഈ സി.ഐക്കെതിരെ ഇതിന് മുന്‍പും ഞങ്ങള്‍ തന്നെ സമരം ചെയ്തിട്ടുണ്ട്. പല പെണ്‍കുട്ടികളും പരാതിപ്പെട്ടിട്ടുണ്ട്. സ്ഥലം മാറ്റം കൊണ്ട് എന്താണുദ്ദേശിക്കുന്നത്. സ്ഥലം മാറ്റിയതുകൊണ്ട് ആലുവയിലെ പ്രശ്നം മറ്റൊരു സ്ഥലത്തേക്ക് മാറും.

ഒരക്ഷരം ഉരിയാടാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. അയാളെന്തിനാണ് ആ കസേരയില്‍ കയറിയിരിക്കുന്നത്. മുഖ്യമന്ത്രി എന്ന് മര്യാദ കൊണ്ട് വിളിക്കുന്നതാണ്. മുഖ്യമന്ത്രി എന്ന് പറയുന്ന വ്യക്തി നേരിട്ട് ഇടപെട്ടിട്ടില്ല. അത് വസ്തുവാണേ? സംസാരിക്കാനാറിയാത്ത സാധനമാണോ?

ഈ വിഷയത്തിലല്ല, പല കാര്യങ്ങളിലും സംസാരിക്കാറില്ല. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ഞെളിഞ്ഞിരുന്നാല്‍ പോരേ? എന്തിനാണ് മുഖ്യമന്ത്രിയുടെ വേഷമിട്ടിരിക്കുന്നത്. ഇറങ്ങിപോകാന്‍ പറ..

മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.

സി.ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mofiya Suicide KSU activist against Pinaray Vijayan