കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളായ സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മോഫിയ തൂങ്ങി മരിച്ചത്.
11 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മോഫിയയുടെയും സുഹൈലിന്റേയും വിവാഹം. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മോഫിയ.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് മോഫിയയോടും തങ്ങളോടും പെരുമാറിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ മോഫിയ സി.ഐ. സുധീറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നുമായിരുന്നു മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്.
സംഭവത്തില്‍ പിന്നാലെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Mofia suicide husband suhail released on bail