കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടവരില്‍ വലിയൊരു വിഭാഗം ഇന്നലെ മുതല്‍ തന്നെ പ്രധാനമന്ത്രിയ്ക്കുവേണ്ടിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നുവെന്നാണ് ആലുവ കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
കൂടാതെ ഇന്നു പുലര്‍ച്ചെ തുടങ്ങേണ്ടിയിരുന്ന രക്ഷാ പ്രവര്‍ത്തനം വൈകാനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണമായെന്നാണ് വിവരം. മോദിയുടെ സുരക്ഷയ്ക്കും മറ്റുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയവരെയും ഉപയോഗിക്കേണ്ടി വരുന്നതും രക്ഷാ പ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കി.
എയര്‍ലിഫ്റ്റിംഗ് സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാവിക സേന ഇന്ന് ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടില്ലെന്നാണ് എറണാകുളത്തുനിന്നും ലഭിക്കുന്ന വിവരം.
ഇന്നുരാവിലെയാണ് പ്രധാനമന്ത്രി കൊച്ചിലെത്തിയത്. മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ വ്യോമ നിരീക്ഷണം റദ്ദാക്കിയിരുന്നു.
ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിരുന്നത്. രാവിലെ എട്ടുമുതല്‍ 9.30 വരെയാണ് പ്രധാനമന്ത്രിയും സംഘവും വ്യോമനിരീക്ഷണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
പ്രധാനമന്ത്രിയിപ്പോള്‍ കൊച്ചിയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ ദുരിത ബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായി 500 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അറിയിച്ചു.