തിരുവന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച് കത്തോലിക്ക മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യവിരുദ്ധം എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വലിയ ശ്രമം തുടരുന്നതിനിടെയാണ് ദീപിക പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
മുസ്‌ലിങ്ങളോട് നിന്ദാപരമായ വാക്കുകളാണ് മോദി പ്രയോഗിച്ചതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്തെ വിഭവങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രം വീതം വെച്ച് നല്‍കുമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞെന്ന മോദിയുടെ പ്രസ്താവന തെറ്റാണ്. വസ്തുതാ വിരുദ്ധമായി പറയുന്ന കാര്യങ്ങള്‍ എല്ലാം ഹിന്ദുക്കള്‍ വിശ്വസിക്കുമെന്ന് കരുതരുതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
കളവ് വിശ്വസിച്ച് മതനിരപേക്ഷതയെ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടമല്ല ഹിന്ദുക്കള്‍. മോദി നടത്തിയ പ്രസംഗം ആസ്വദിച്ചത് വര്‍ഗീയതയും ഇതരമത വിദ്വേഷവും നെഞ്ചിലേറ്റിയവര്‍ മാത്രമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യ വിരുദ്ധമാണ്. ന്യൂനപക്ഷ വിരുദ്ധമായ ഹിംസാത്മകമായ പ്രവര്‍ത്തികള്‍ തടയാന്‍ രാജ്യത്ത് ഇനി ആരാണ് ഉണ്ടാവുകയെന്നും മുഖപ്രസംഗത്തില്‍ ചോദിച്ചു.
അതിനിടെ, ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന കൊച്ചിയിലെ സിറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തി കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇത് രാഷ്ട്രീയ നീക്കമാണെന്ന് വ്യാപക ആരോപണമുയര്‍ന്നെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഓര്‍ത്തഡോക്‌സ് സഭാ മേധാവിയുമായും സക്‌സേന കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlight: Modi used derogatory words against Muslims; Deepika against Prime Minister