ഫോനി ചുഴലിക്കാറ്റ്: നവീൻ പട്നായിക്കിനെ പുകഴ്ത്തി മോദി
national news
ഫോനി ചുഴലിക്കാറ്റ്: നവീൻ പട്നായിക്കിനെ പുകഴ്ത്തി മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 12:53 pm

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് വിതച്ച കെടുതികളെ നേരിട്ടുകൊണ്ട് ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനത ദൾ അധ്യക്ഷനുമായ നവീൻ പട്നായിക്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിൽ ഫോനി വിതച്ച നാശനഷ്ടങ്ങൾ വിലയിരുത്താനായി മോദി ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയിരുന്നു. മുഖ്യമന്ത്രി നവീൻ പട്നായിക്, ഒഡിഷ ഗവർണ്ണർ ഗണേഷി ലാൽ എന്നിവർ മോദിയെ അനുഗമിച്ചിരുന്നു. 30 പേരാണ് ഫോനി കൊടുങ്കാറ്റിൽ ഒഡിഷയിൽ കൊല്ലപ്പെട്ടത്.

‘നവീൻ പട്നായിക്ക് നടത്തിയ പ്രവർത്തങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ഓരോ നിർദ്ദേശത്തോടും കൃത്യമായി പ്രതികരിച്ച ഒഡിഷയിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.’ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയ ശേഷം മോദി മാധ്യമങ്ങളോടായി പറഞ്ഞു.

നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 1000 കോടി രൂപ കൂടി ഒഡിഷയ്ക്ക് അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതിനു മുൻപ് കൊടുങ്കാറ്റ് കരയിലേക്ക് പ്രവേശിക്കും മുൻപ് 1000 കോടി രൂപ കേന്ദ്രം ഒഡിഷയ്ക്ക് നൽകിയിരുന്നു. നാശനഷ്ടം വിലയിരുത്തുന്നതിനായി മോദി നവീൻ പട്നായിക്കുമായി സംവദിച്ചു. സംസ്ഥാനത്തെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും മോദി ചർച്ചകൾ നടത്തും.

ഫോനി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നതിന് മുമ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 1.2 മില്ല്യണ്‍ 12 ലക്ഷം) ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ഒഴിപ്പിക്കലാണ് നടന്നതെന്നതെന്ന് നവീൻ പട്നായിക്ക് പറഞ്ഞിരുന്നു.

സർക്കാരിനോട് സഹകരിച്ചതിന് സംസ്ഥാനത്തെ 4.5 കോടി ജനങ്ങളെയും പട്‌നായിക്ക് അഭിനന്ദിച്ചു. അപൂര്‍വ്വമായുണ്ടായ വേനല്‍ക്കാല കൊടുങ്കാറ്റായ ഫോനി 43 വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ ബാധിച്ചതെന്ന് പട്‌നായിക്ക് പറഞ്ഞു. അപൂര്‍വ്വമായതിനാല്‍ കൊടുങ്കാറ്റിന്റെ പോക്ക് പ്രവചിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ എല്ലാ സാധ്യതകളും മുന്നില്‍ക്കണ്ട് ഞങ്ങള്‍ ഒരുങ്ങി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്ന് പരാതിയുയർന്നു. രണ്ടു തവണ വിളിച്ചിട്ടും മമത മോദിയോട് സംസാരിക്കാന്‍ തയ്യാറായില്ലെന്നും പ്രധാനമന്ത്രി ഓഫീസ് ആരോപിച്ചിരുന്നു. തിരികെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്നും തുടര്‍ന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഡിയുമായി ബന്ധപ്പെട്ടാണ് മോദി കാര്യങ്ങള്‍ തിരക്കിയതെന്നും പ്രധാനമന്ത്രി ഓഫീസ് ആരോപിക്കുന്നു.

മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയില്‍ പുരിയിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയത്. കനത്ത നഷ്ടമാണ് ഒഡീഷയില്‍ കൊടുങ്കാറ്റ് വിതച്ചത്. 30 പേര്‍ ഇതുവരെ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍.