ന്യൂദല്‍ഹി: സ്വാശ്രയസംഘങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളുമായി വീഡിയോ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പ് വഴിയാണ് മോദി സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. രാജ്യത്തെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 2.5 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പരിപാടിക്കിടെ പ്രഖ്യാപിച്ചു. ദീന്‍ ദയാല്‍ അന്ത്യോദയ യോജനയുടെ ഭാഗമായാണ് തൊഴിലവസരങ്ങള്‍ കൊണ്ടുവരാന്‍ ഉന്നമിടുന്നത്.
“ദീന്‍ ദയാല്‍ അന്ത്യോദയ യോജനയ്ക്കു കീഴില്‍ രണ്ടര ലക്ഷം ഗ്രാമീണര്‍ക്ക് സുസ്ഥിരമായ ജോലി ഉറപ്പു വരുത്തും. യുവാക്കളുടെ പ്രവര്‍ത്തന ശേഷി വികസിപ്പിക്കാനുള്ള പദ്ധതികളാണ് യോജനയിലുള്ളത്. സ്വയം പര്യാപ്തരാവാന്‍ യുവാക്കളെ പരിശീലിപ്പിച്ച് അവരെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ പ്രാപ്തരാക്കും” പ്രധാനമന്ത്രി പറഞ്ഞു.
സ്വാശ്രയസംഘങ്ങളുമായി വീഡിയോ വഴി സംവദിക്കുന്ന മോദിയുടെ നീക്കത്തെ പ്രശംസിച്ചുകൊണ്ട് ബംഗാളിലെ ബി.ജെ.പി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിയും മുന്നോട്ടു വന്നിട്ടുണ്ട്. “വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയത്തിലേര്‍പ്പെടുന്നത് പ്രധാനമന്ത്രി മോദിയുടെ മികച്ച നീക്കമാണ്. ബംഗാളിലെ ഭവാനിപൂരിലും ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും ചിലര്‍ ഇടപെട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്നതില്‍ സംശയമില്ല.” അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ ക്ഷീരോത്പാദന മേഖലയുടെയും കാര്‍ഷികമേഖലയുടെയും അവിഭാജ്യഘടകമാണ് സ്ത്രീകളെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.
“ഇന്ന് ഏത് മേഖലയെടുത്താലും അതിലെല്ലാം ഒരുപാടു സ്ത്രീകള്‍ ജോലിചെയ്യുന്നതായി കാണാം. അവരുടെ സംഭാവനകളില്ലാതെ രാജ്യത്തിന്റെ കാര്‍ഷികരംഗത്തെയും ക്ഷീരോത്പാദന രംഗത്തെയും സങ്കല്പിക്കാന്‍ പോലുമാവില്ല.” അദ്ദേഹം പറഞ്ഞു.
Also Read: ട്രംപുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ പോണ്‍താരത്തെ അറസ്റ്റ് ചെയ്തു
സ്വാശ്രയസംഘങ്ങള്‍ ഗ്രാമീണമേഖലയില്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് കോണ്‍ഫറന്‍സിങ് സംഘടിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. താഴെത്തട്ടില്‍ നിന്നുള്ള വികസനത്തിന് ആക്കം കൂട്ടാന്‍ ഇത്തരം സംഘങ്ങള്‍ക്ക് എങ്ങനെ സാധിച്ചു എന്നതിന്റെ അനുഭവകഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് മോദി ട്വിറ്ററിലും കുറിച്ചിരുന്നു.