ബെംഗളൂരു: ലോകത്തെ എല്ലാ രാജ്യങ്ങളും അസംസ്‌കൃത എണ്ണ വിലയിലെ കുറവ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെന്ന് മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി. ഇന്ധന വില സംബന്ധിച്ച കേന്ദ്ര വിശദീകരണങ്ങള്‍ പരസ്പര വിരുദ്ധമാണ്. സര്‍ക്കാര്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറച്ചുകൂടി ശ്രദ്ധയോടെ പരിഗണിക്കണമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
മഹാമാരിയുടെ സമയത്തെങ്കിലും ജനങ്ങളോട് കൂറ് പുലര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. ‘സമ്പാദ്യം ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതയോടെയും ബോധപൂര്‍വവുമായ തീരുമാനം എടുത്തിട്ടുണ്ടെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന വൈരുദ്ധ്യമാണ്. ഡിമാന്‍ഡ് കുറഞ്ഞത് ഉല്‍പന്ന വില അസംസ്‌കൃത എണ്ണ വിലയേക്കാള്‍ കുറവായ ഒരു പ്രത്യേക സാഹചര്യത്തിലേക്ക് എത്തിച്ചെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്’, മൊയ്‌ലി വ്യക്തമാക്കി.
അസംസ്‌കൃത എണ്ണ വിലയ്ക്ക് അനുസരിച്ച് ഡീസല്‍, പെട്രോളിയം എന്നിവയുടെ വില നിശ്ചയിക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തിരുന്നു. വിപണിയുടെ സ്വഭാവത്തിന് അനുസരിച്ച ആനുകൂല്യങ്ങളും ബാധ്യതകളും കൈകാര്യം ചെയ്യുക എന്നതായിരുന്നു ആ ആശയമെന്നും മൊയ്‌ലി പറഞ്ഞു.
‘ഇത് സാമ്പത്തിക ശാസ്ത്രത്തിന്റെ മികച്ച തത്വമാണ്. മാത്രമല്ല ഉപഭോക്താക്കളുടെയും സമ്പദ് വ്യ വസ്ഥയുടെയും താല്‍പ്പര്യത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍, ഉപഭോക്താക്കളുടെ അവസ്ഥയെക്കുറിച്ചും പ്രതിസന്ധിയിയെക്കുറിച്ചും സര്‍ക്കാര്‍ കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്’, അദ്ദേഹം ചൂണ്ടിക്കാട്ടി.