മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നരേന്ദ്ര മോദിക്ക് ഇത്തവണ ഭൂരിപക്ഷമില്ലെന്നും സഖ്യകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചാലും അവര്‍ക്ക് അധികകാലം ഭരണത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2014ലും 2019ലും മികച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മോദിയും അമിത്ഷായും ആര്‍.എസ്.എസിനെ വിലകല്‍പ്പിച്ചില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇത്തവണ ബി.ജെ.പിയുടെ ഭൂരിപക്ഷം കുറക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും നരേന്ദ്ര മോദിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും റാവത്ത് പറഞ്ഞു.
‘സഖ്യകക്ഷികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രൂപീകരിച്ചാലും അത് ഒരിക്കലും നിലനില്‍ക്കാന്‍ പോകുന്നില്ല. മോദി പ്രധാനമന്ത്രിയായാലും തീര്‍ച്ചയായും ഒരു ബദലിനെ കുറിച്ച് ആര്‍.എസ്.എസ് ആലോചിക്കും’ റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിനെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ഫഡ്നാവിസ് സംസ്ഥാന രാഷ്ട്രീയത്തിലെ വില്ലനാണെന്നും നിരവധി കുടുംബങ്ങളെ അദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്നും റാവത്ത് ആരോപിച്ചു. രാഷ്ട്രീയ പക ഉള്ളില്‍ കൊണ്ടുനടക്കുന്ന അയാള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണെന്നും റാവത്ത് പറഞ്ഞു.