വിദഗ്ധരെ വേണ്ടാത്ത മോദി സര്‍ക്കാര്‍: അന്ന് അവര്‍ പറഞ്ഞത് മോദി കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഓക്‌സിജന്‍ ഇല്ലാതെ ആയിരങ്ങള്‍ ശ്വാസം മുട്ടി മരിക്കാതിരുന്നേനെ
നമ്മള്‍ സാധാരണക്കാര്‍, പ്രത്യേകിച്ച് ഒരു കാര്യത്തിലും വിദഗ്ധര്‍ എന്ന് പറയാനില്ലാത്ത അന്നന്നത്തെ അപ്പത്തിനോ ചോറിനോ വേണ്ടി ജോലി ചെയ്യുന്നവര്‍, കാര്യങ്ങളെ കാണുന്ന ഒരു രീതിയുണ്ട്. വരുമ്പോള്‍ വരുന്നിടച്ചു വച്ച് കാണാം, അതാണ് നമ്മുടെ രീതി. പ്രത്യേകിച്ച് പ്ലാന്‍ ഒന്നും ഇല്ലാതെ ജീവിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ നെഞ്ചത്തടിച്ചു കരയുകയാണ് ആകെ ചെയ്യാനുള്ളത്.
നമ്മുടെ പ്ലാനിങ്ങ് ഇല്ലായ്മ ചെറിയ കുടുംബത്തെ മാത്രമേ ബാധിക്കൂ. പക്ഷെ, അതല്ല രാജ്യങ്ങളുടെ രീതി, അല്ലെങ്കില്‍ അങ്ങനെയാവരുത്. കാരണം ഒരു രാജ്യത്തിന്റെ പ്ലാനിംഗ് ഇല്ലായ്മ ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരുമായ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കും.
പ്ലാനിംഗ് എന്ന് പറയുമ്പോള്‍ എളുപ്പമായി തോന്നും. അങ്ങനെയല്ല. അത്രക്ക് വലിയ ശാസ്ത്രബോധവും വിജ്ഞാനവും ഉള്ളവര്‍ക്ക് മാത്രമേ അത് കഴിയുകയുള്ളൂ. ഫിസിക്സും കെമിസ്ട്രിയും ചരിത്രവും ഭൂമിശാസ്ത്രവും കണക്കും സ്റ്റാറ്റിറ്റിക്സും ഒക്കെ അറിയണം.
ചില്ലറ അറിവൊന്നും പോരാ, അഘാത പാണ്ഡിത്യം വേണം. ഏതെങ്കിലും ഒന്ന് മാത്രം പഠിച്ചാല്‍ പോരാ, ഉദാഹരണത്തിന് കൊറോണ വ്യാപനം മനസ്സിലാക്കാന്‍ ബയോളജി അറിയണം, കെമിസ്ട്രി അറിയണം, ജനസംഖ്യാ ശാസ്ത്രവും ഭൂമിശാസ്ത്രവും അറിയണം. നമ്മള്‍ ഒരു ഉപകാരവും ഉണ്ടാവില്ല എന്ന് വിചാരിച്ചു ശപിച്ചു പഠിച്ച ചരിത്രം പോലും അറിയണം. കാരണം മഹാമാരികളുടെ ചരിത്രം വച്ചാണത്രെ കോവിഡ് രണ്ടാം വരവ് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത്.
നോട്ട് നിരോധനത്തിന് ശേഷം 2017 മാര്‍ച്ചിലാണ് നരേന്ദ്രമോദി ഒരു പ്രസ്താവന നടത്തിയത്. ഹാര്‍വാഡിനേക്കാളും നല്ലത് ഹാര്‍ഡ് വര്‍ക്ക് ആണെന്നതായിരുന്നു പഞ്ച് ലൈന്‍, തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചത്, ഓക്‌സ്‌ഫോര്‍ഡിലും ഹാര്‍വാര്‍ഡിലും പഠിച്ച കുറെ പേര്‍ നോട്ട് നിരോധനം ഒരു വിഡ്ഢിത്തമാണെന്നു പറഞ്ഞു നടക്കുന്നുണ്ട്, അവരെക്കാളൊക്കെ എക്കണോമിക്‌സ് തനിക്കറിയാം, കാരണം താന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നയാളാണ് എന്നായിരുന്നു.
ഈ പ്രസ്താവനയെ വിശദീകരിച്ചു കൊണ്ടാണ് അന്നത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി മോദി മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂ എന്ന ‘സത്യം’ നമ്മോട് പറഞ്ഞത്.
മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്നയാള്‍ക്ക് എത്രമാത്രം ചിന്താ ശേഷി ഉണ്ടാകുമെന്നോ, ഹാര്‍വാര്‍ഡില്‍ പഠിക്കാന്‍ ഹാര്‍ഡ് വര്‍ക്ക് വേണ്ടേ എന്നൊക്കെയുള്ള ചെറിയ കാര്യങ്ങള്‍ വിടാം. ഇന്ത്യയിലെ ഏറ്റവും നല്ലതെന്നു കരുതപ്പെടുന്ന ഐ.ഐ.ടിയുടെ അന്താരാഷ്ട്ര റാങ്ക് 300 നു മുകളിലാണെങ്കില്‍ ഹാര്‍വാര്‍ഡിന്റേത് ഒന്നാണ്.
മിക്ക നോബല്‍ സമ്മാന ജേതാക്കളും രാഷ്ട്ര തന്ത്രഞ്ജരും എഴുത്തുകാരുമൊക്കെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് എന്നിവിടെങ്ങളില്‍ നിന്ന് വന്നവരാണ്, ഇവിടങ്ങളില്‍ പഠിപ്പിക്കുന്നവരുമാണ്. അതല്ല നമ്മുടെ വിഷയം.
ഭാവിയെ മനസ്സിലാക്കണമെങ്കില്‍, അതിനനുസരിച്ചു പ്ലാന്‍ ചെയ്യണമെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ അത്രയും മികച്ച വിദ്യാഭ്യാസവും ബുദ്ധിയും സാമര്‍ഥ്യവും ഉള്ളവര്‍ വേണം. സാധാരണ രാഷ്ട്രീയക്കാര്‍ ഈ ക്യാറ്റഗറിയില്‍ വരില്ല.
അപവാദങ്ങളുണ്ട്, മന്‍മോഹന്‍ സിംഗ്, ഒബാമ, നെഹ്റു തുടങ്ങിയവരൊക്കെ ഓക്‌സ്‌ഫോര്‍ഡിലും കേംബ്രിഡ്ജജിലുമൊക്കെ പഠിച്ചവരാണ്. പക്ഷെ മിക്കവരും അങ്ങനെയല്ല, അതിന്റെ ആവശ്യവുമില്ല. സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു അവരുടെ അംഗീകാരം നേടി ഉയര്‍ന്നു വരുന്നവരാണ് രാഷ്ട്രീയക്കാര്‍, ആ ഉയര്‍ച്ചയില്‍ വിദ്യാഭ്യാസം ഒരു യോഗ്യതയോ അയോഗ്യതയോ അല്ല.
പക്ഷെ രാഷ്ട്രീയക്കാര്‍ തുടര്‍ന്ന് വന്നിരുന്ന ഒരു പോളിസി ഉണ്ട്, വിദഗ്ധരെ ഉപദേശകരായി വെയ്ക്കുക. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ഉപദേശകരുണ്ട്. വ്യപസ്ഥാപിതമായി തന്നെ പ്ലാനിങ് കമ്മീഷന്‍ എന്ന ഒരു സ്ഥാപനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല വിദ്യാഭ്യാസവും ലോക വിവരവും ഉള്ളവരെ ഉപദേശകരായോ മന്ത്രിമാരായോ വെക്കുന്നതില്‍ ഒരു അപകര്‍ഷതാ ബോധവും മിക്ക നേതാക്കള്‍ക്കും ഉണ്ടായിരുന്നില്ല. ചിലരൊക്കെ അത്തരം വിദഗ്ധരെ മന്ത്രി സഭയിലും എടുത്തിട്ടുണ്ട്. മോദി മാത്രമാണ് ഇതിനൊരപവാദം.
2014 ല്‍ അധികാരത്തില്‍ വന്ന ഉടനെ തന്നെ പ്ലാനിംഗ് കമ്മീഷന്‍ പിരിച്ചു വിട്ടു. പകരം വന്ന നീതി ആയോഗ് എന്ന സ്ഥാപനത്തിലേക്ക് ആര്‍.എസ്.എസുകാര്‍ നിര്‍ദേശിച്ച കുറെ ഏറാന്മൂളികളെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശകര്‍ എന്നത് പ്രധാനമന്ത്രിയുടെ ഏറാന്മൂളികള്‍ എന്നായി.
അരവിന്ദ് സുബ്രഹ്മണ്യത്തെ പോലെയുള്ളവര്‍ സ്വയം രാജി വച്ച് പോയി. റിസര്‍വ് ബാങ്കില്‍ ഗവര്‍ണര്‍മാരായിരുന്ന രഘുറാം രാജനെയും ഊര്‍ജിത് പട്ടേലിനേയും പുകച്ചു പുറത്തു ചാടിച്ച് ശക്തി കാന്ത് ദാസാ എന്ന എന്തും പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു ഉദ്യോഗസ്ഥനെ ആര്‍.ബി.ഐ ഗവര്‍ണറാക്കി.
ഇങ്ങനെ വിദഗ്ധന്മാരൊക്കെ കൂടും കുടുക്കയും എടുത്ത് നാട് വിടുമ്പോള്‍ പകരം വക്കാന്‍ ബി.ജെ.പി ക്ക് ആളുണ്ടായിരുന്നോ, അതുമില്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിക്ക് മാത്രം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നമുണ്ട്. മറ്റുള്ള പാര്‍ട്ടിക്കാര്‍ക്ക് താഴെ തട്ടില്‍ നിന്ന് ഉയര്‍ന്നു വരുന്ന നേതാക്കന്മാരെ പോലെയല്ല ബി.ജെ.പിയുടേത്. അവരുടെ താഴെ തട്ടില്‍ മുഴുവന്‍ വര്‍ഗീയത പരത്തുന്ന നേതാക്കളാണ്. വിദ്വേഷ പ്രചാരണം മുതല്‍ കലാപം വരെയാണ് അവരുടെ മുകളിലേക്ക് വരാനുള്ള യോഗ്യത. ഒട്ടേറെ പേര്‍ സൈക്കോപാത്ത് എന്ന വിഭാഗത്തില്‍ വരുന്നവരാണ്. അവരാണ് പിന്നീട് എം.എല്‍.എയും എം.പിയുമൊക്കെ ആവുന്നത്.
ഇക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ പോലും മന്ത്രിയാകാന്‍ യോഗ്യരല്ലെന്ന് വാജ്‌പേയി ആര്‍.എസ്.എസ്സിനോട് തുറന്നു പറഞ്ഞതാണ് അദ്ദേഹം ആര്‍.എസ്.എസ്സിന് അഭിമതനാകാന്‍ പ്രധാന കാരണം. പാര്‍ട്ടിക്ക് പുറത്തു നിന്ന് ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരെ രാജ്യസഭയിലെത്തിച്ചിട്ടാണ് മന്ത്രിസഭ ഒരു വിധത്തില്‍ വാജ്പേയി നടത്തികൊണ്ട് പോയത്. മോദി മന്ത്രിസഭയില്‍ പുറത്തു നിന്ന് വന്നത് എസ്. ജയശങ്കര്‍ മാത്രമാണ്, വേറെ നിര്‍വാഹം ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പ്.
ടെലിവിഷനില്‍ കൂടി കടന്നു വന്ന നിര്‍മല സീതാരാമനും സ്മൃതി ഇറാനിയുമൊക്കെയാണ് നേരത്തെ പറഞ്ഞത് പോലെ കലാപങ്ങളുണ്ടാക്കാതെ മന്ത്രിസഭയിലെത്തിയവര്‍. അവരൊക്കെ മന്ത്രി എന്ന നിലയില്‍ എത്രത്തോളം പരാജയമായിരുന്നു എന്നറിയുമ്പോഴാണ് നമ്മുടെ ടെലിവിഷന്‍ വിദഗ്ധന്മാരെ നമുക്ക് അളക്കാന്‍ കഴിയുക.
കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലുമൊക്കെ മറ്റു വഴികളിലൂടെ കൊള്ളാവുന്നവര്‍ വരും. മന്‍മോഹന്‍ സിങ്ങിനെയും ജയറാം രമേശിനെയും പോലുള്ളവര്‍. ബി.ജെ.പിയിലേക്ക് ഇത്തരക്കാര്‍ക്ക് പോകാന്‍ പരിമിതികളുണ്ട്. കാരണം നേരത്തെ പറഞ്ഞ കലാപകാരികളുടെ കീഴിലും കൂടെയുമൊക്കെ ജോലി ചെയ്യേണ്ടി വരും.
അവര്‍ക്കത് നാണക്കേടാണ് എന്നത് മാത്രമല്ല അവരുടെ കരിയറിനെ അത് ബാധിക്കുകയും ചെയ്യും. ആര്‍.എസ്.എസ് പോളിസികള്‍ അനുസരിക്കേണ്ടത് കൊണ്ട് സ്വതന്ത്ര ചിന്തക്കുള്ള അവസരം ഇല്ലാതാകുകയും ചെയ്യും. റിട്ടയര്‍ ചെയ്തു വേറെ യാതൊരു അവസരങ്ങളും ഇല്ലാതെ വരുമ്പോളാണ് ഇവര്‍ ബി.ജെ.പിയിലേക്ക് വരിക. അപ്പോഴേക്കും അവരെ കൊണ്ട് കാര്യമില്ലാതായിരിക്കും.
വകക്ക് കൊള്ളാത്തവരാണ് തന്റെ മന്ത്രിസഭയിലെന്ന് മോദിക്കും അറിയാം. അത് കൊണ്ടാണ് ഒരു ചര്‍ച്ചയും നടത്താതെ കൈ പൊക്കാന്‍ വേണ്ടി മാത്രം കുറെ പേരെ മന്ത്രി സഭയിലെടുത്തിരിക്കുന്നത്. അവരവരുടെ വകുപ്പുകളില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ കസേരയിലിരിക്കാന്‍ വേണ്ടിയാണ് മിക്കവരും.
ഇതൊക്കെ ബി.ജെ.പിയുടെ പ്രശ്‌നം. യാതൊരു വിദഗ്ദ്ധരുടെയും ഉപദേശം തേടാതെ ഇവരൊക്കെ ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങളാണ് നാട്ടുകാരുടെ നെഞ്ചത്തേക്കാണ് വരുന്നത്. ഉദാഹരണത്തിന്, നോട്ടു നിരോധനം നടപ്പാക്കരുതെന്ന് രഘുറാം രാജനും ഊര്‍ജിത് പട്ടേലും അരവിന്ദ് സുബ്രഹ്മണ്യവും നിര്‍ദേശിച്ചതാണ്. കേട്ടില്ല, അതിനു ശേഷമാണ് ഇന്ത്യന്‍ എക്കണോമി പട്ടി നക്കിയ കലം പോലെയായത്.
ഇന്ത്യക്ക് നാഷണല്‍ സയന്റിഫിക് ടാസ്‌ക് ഫോഴ്‌സ് എന്നൊരു സംവിധാനമുണ്ട്. പ്ലാനിങ് കമ്മീഷന്‍ ഒക്കെ പോലെ പണ്ട് നെഹ്റു ഉണ്ടാക്കി വച്ചതാണ്. അതി പ്രഗത്ഭന്മാരായ ശാസ്ത്രഞ്ജന്മാരാണ് അതിലുള്ളത്. അവര്‍ കഴിഞ്ഞ മൂന്നാലു മാസമായി യോഗം പോലും ചേര്‍ന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ ഹെല്‍ത് റിപ്പോര്‍ട്ടര്‍ വിദ്യാ കൃഷ്ണന്‍ ടാസ്‌ക് ഫോഴ്‌സ് മെമ്പര്‍മാരെ പ്രത്യേകം പ്രത്യേകം കണ്ടു തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ ലക്കം കരവാന്‍ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിലെ എല്ലാ മെമ്പര്‍മാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു കൊവിഡ് രണ്ടാം തരംഗം വരുമെന്നുള്ളത്. പക്ഷെ മീറ്റിംഗ് കൂടിയാല്‍ മോദി സര്‍ക്കാര്‍ കൊടുക്കുന്ന പേപ്പറില്‍ ഒപ്പിട്ടു കൊടുക്കേണ്ടി വരും, അത് കൊണ്ട് മീറ്റിംഗ് ചേര്‍ന്നില്ല. ഇക്കഴിഞ്ഞ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഇന്ത്യയുടെ കൊവിഡ് വിജയഗാഥ പറഞ്ഞു സ്വയം അഭിനന്ദിക്കുന്ന പ്രസംഗം നടത്താന്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ഒരു പക്ഷെ മോദിക്ക് വിലങ്ങു തടിയാകുമായിരുന്നു. അവര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഓക്‌സിജന്‍ ഇല്ലാതെ ആയിരങ്ങള്‍ ശ്വാസം മുട്ടി മരിക്കാതിരുന്നേനെ. നോട്ടു നിരോധനത്തിന്റെ തനിയാവര്‍ത്തനം.
മുള വടി കറക്കുന്നത്തിലുള്ള പരിശീലനമാണ് ഏറ്റവും വലിയ വിദ്യാഭ്യാസം എന്ന് കരുതുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. വിദ്യാഭ്യാസവും ലോക പരിചയവും ഉള്ളവരോടുള്ള പുച്ഛവും അസൂയയും കൂടെ അപകര്‍ഷതാ ബോധവും ചേര്‍ന്ന മനസ്സാണ് മിക്കവരുടെയും. അവനവന്‍ ശ്രദ്ധിച്ചാല്‍ അവനവന് കൊള്ളാം.
രണ്ട്
ഇന്ത്യ വലിയ രാജ്യമാണെന്നും അതുകൊണ്ട് സിംഗപ്പൂരിനെയും ഇസ്രായേലിനെയുമൊന്നുമായി താരതമ്യപെടുത്തരുതെന്നും കഷ്ടപ്പാട് സഹിക്കണമെന്നും പറഞ്ഞുള്ള ന്യായീകരണങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങള്‍ നിറക്കുകയാണ് ബി.ജെ.പിക്കാര്‍. സത്യത്തില്‍ അങ്ങേയറ്റം രാജ്യ ദ്രോഹപരമായ പ്രചാരണമാണിത്. ഇത് കേള്‍ക്കുന്നവര്‍ സ്വാഭാവികമായും കരുതുക ഇത്ര കഷ്ടപ്പാടാണെങ്കില്‍ എന്തിനാണ് ഒരു വലിയ രാജ്യം, കുറെ കൊച്ചു കൊച്ചു രാജ്യങ്ങളായി വിഭജിച്ചാല്‍ പോരെ എന്നാണ്. അത്തരം ചിന്ത ദേശീയ ഐക്യത്തിന് തന്നെ എതിരാണ്.
സത്യത്തില്‍ വലിയ രാജ്യമായത് കൊണ്ട് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുകയാണ് ചെയ്യുക. മിലിറ്ററി, വിദേശകാര്യം തുടങ്ങിയവയ്ക്കുള്ള ചിലവുകള്‍ വീതിച്ചെടുത്താല്‍ മതി എന്നതാണ് പ്രധാനം. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കൂടും, വാണിജ്യ സാധ്യതകളും തൊഴിലവസരങ്ങളും വര്‍ധിക്കും, ഇതൊക്കെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപകരിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് യൂറോപ്പൊക്കെ ഒരു വലിയ യുണിയനാകാന്‍ ശ്രമിക്കുന്നത്.
വാക്സിന്റെ മാത്രം ഉദാഹരണം എടുത്താല്‍ സിംഗപ്പൂരിനോ ഇസ്രായേലിനോ ഒന്നോ രണ്ടോ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള സ്ഥലമോ പണമോ മാത്രമേ ഉണ്ടാകൂ. പക്ഷെ ഇന്ത്യക്ക് ഇരുപത്തിയഞ്ചോ മുപ്പതോ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള പണവും സ്ഥലവുമുണ്ട്. അത് പോലെ തന്നെയാണ് ഓക്‌സിജനും ഹോസ്പിറ്റല്‍ ബെഡ്ഡും വെന്റിലേറ്ററും ഒക്കെ.
ഇന്ത്യയുടെ നിലവിലുള്ള വലിപ്പം കൊണ്ട് ഒരു കുഴപ്പവും ഇല്ല, അതിപ്പോള്‍ ഇരുപത്തഞ്ചോ മുപ്പതോ ആയി വെട്ടിമുറിച്ചു സിങ്കപ്പൂര്‍ പോലെയാക്കേണ്ട ഒരു സ്ഥിതിയും നിലവില്‍ ഇല്ല. ആകെ ചെയ്യാനുള്ളത് തലക്ക് വെളിവുള്ളവരെ ഭരിക്കാന്‍ തെരഞ്ഞെടുക്കുക എന്നത് മാത്രമാണ്.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
Content Highhlights: Modi government does not need experts: If Modi had listened to them then, thousands would not have died of suffocation without oxygen now, farooq writes