കേന്ദ്ര മന്ത്രി സഭ പുന സംഘടിപ്പിച്ചു; 21 പുതിയ മന്ത്രിമാര്‍
Daily News
കേന്ദ്ര മന്ത്രി സഭ പുന സംഘടിപ്പിച്ചു; 21 പുതിയ മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th November 2014, 5:48 pm

1   ന്യൂദല്‍ഹി: മോദി മന്ത്രി സഭയില്‍ പുതുതായി 21 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.ഇതില്‍ ശിവസേന വിമതന്‍  സുരേഷ് പ്രഭുവടക്കം പുതുതായി നാല് ക്യാബിനറ്റ് മന്ത്രിമാരും കൂടാതെ  സ്വതന്ത്ര ചുമതലയുള്ള മൂന്നു സഹമന്ത്രിമാര്‍ 14 സഹമന്ത്രിമാര്‍ എന്നിവരാണ് സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഗോവ മുന്‍ മൂഖ്യമന്ത്രി മനോഹര്‍ പരിക്കര്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ജെ.പി നദ്ദ, ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ബിരേന്ദ്ര സിംങ്, ശിവസേന വിമത നേതാവ് സുരേഷ് പ്രഭു എന്നിവരാണ് അധികാരമേറ്റ ക്യാബിനറ്റ് മന്ത്രിമാര്‍.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി ബി.ജെ.പി യുടെ മുന്‍ ദേശീയ വക്താവും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയുമായിരുന്ന രാജിവ് പ്രതാപ് റൂഡി, ബി.ജെ.പി യിലെ മുസ്‌ലിം മുഖങ്ങളില്‍ പ്രമുഖനായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, സെക്കന്ദരാബാദില്‍ നിന്നുള്ള ബി.ജെ.പി എം.പി ബന്ദാരു ദത്താത്രേയ എന്നിവരാണ് അധികാരമേറ്റത്. സഹമന്ത്രിമാരായി ചുമതലയേറ്റവരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, അടുത്തിടെ ബി.ജെ.പി യില്‍ ചേര്‍ന്ന ഷൂട്ടിംങ് താരവും ഖേല്‍ രത്‌ന ജേതാവുമായ രാജ്യവര്‍ദ്ധന്‍ സിംങ് റാത്തോഡ്,  പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി അംഗവും  പ്രശസ്ത ഗായകനുമായ ബാബുല്‍ സുപ്രിയോ, എന്നിവരെ കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിംങ്, രാം ക്രിപാല്‍ യാദവ്, മഹേഷ് ശര്‍മ, എച്ച്.പി ചൗധരി. സന്‍വര്‍ ലാല്‍ ജത്. മോഹന്‍ കുന്ദാരിയ, ഹന്‍സ് രാജ് അഹീര്‍, രാം ശങ്കര്‍ ഖത്തേരിയ, വൈ.എസ് ചൗധരി, സദ്‌വി നിരജ്ഞന്‍ ജ്യോതി, വിജയ് സാമ്പ്‌ല എന്നിവരാണുള്ളത്

മനോഹര്‍ പരീക്കറിന് പ്രതിരോധം ലഭിക്കുമെങ്കിലും മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചിട്ടില്ല. മന്ത്രി സഭയിലെ ദലിത് മുഖങ്ങളായി വിജയ് സാമ്പ്‌ല, രാം ശങ്കര്‍ ഖത്തേരിയ എന്നിവരും തെലങ്കാനയില്‍ നിന്നുള്ള ഏക പ്രതിനിധിയായി ബന്ദാരു ദത്താത്രേയുമാണുള്ളത്. സുരേഷ് പ്രഭുവിനെ കൂടാതെ ബിരേന്ദ്ര സിംങ്, രാം ക്രിപാല്‍ യാദവ് എന്നിവര്‍ അടുത്തിടെ ബി.ജെ.പി യില്‍  എത്തിയവരാണ്. മന്ത്രിസഭാ വികസനത്തിന് ശേഷം മന്ത്രി സഭയിലെ അംഗങ്ങളുടെ എണ്ണം 66 ആയിരിക്കുകയാണ

്അതേ സമയം മന്ത്രി സഭാ വികസനം ശിവസേന-ബി.ജെ.പി പോര് രൂക്ഷമാക്കിയിരിക്കുകയാണ്.  മഹാരാഷ്ടയിലെ തര്‍ക്കങ്ങള്‍ കാരണം  മന്ത്രി സഭയിലേക്കുള്ള ശിവ സേനയുടെ ഔദ്യോഗിക പ്രതിനിധിയായ അനില്‍ ദേശായിയെ  അധികാരമേല്‍ക്കുന്നതില്‍ നിന്നും പാര്‍ട്ടി വിലക്കിയിരുന്നു. നിലവില്‍  അധികാരമേറ്റ ശിവസേന വിമതന്‍  സുരേഷ് പ്രഭു ശിവസേന വിട്ടതായും ബി.ജെ.പി അദ്ദേഹത്തിന് രാജ്യസഭാംഗത്വം നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  ഇന്ന് വൈകീട്ട് മുംബൈയില്‍ ശിവസേന അടിയന്തര യോഗം വിളിക്കുന്നുണ്ട്. മന്ത്രിസഭയിലെ സേനയുടെ ഏക പ്രതിനിധിയായ അനന്ദ് ഗീഥെയെ തിരിച്ചു വിളിക്കാനും സേന കരുതുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.