Kerala
അന്‍സി കബീറിന്റെ മരണവാര്‍ത്തയറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 01, 09:31 am
Monday, 1st November 2021, 3:01 pm

കൊച്ചി: കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മകള്‍ അന്‍സി കബീര്‍ മരണപ്പെട്ടതറിഞ്ഞ് മാതാവ് റസീന (48) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ റസീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ എറണാകുളം വൈറ്റിലയില്‍ ഉണ്ടായ അപകടത്തിലാണ് മുന്‍ മിസ് കേരളയും മോഡലുമായ അന്‍സി മരിച്ചത്.

അന്‍സിയും മിസ് കേരള റണ്ണറപ്പ് ആയ അഞ്ജന ഷാജനും (26) സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ വിളിച്ചറിയിച്ചത്. എന്നാല്‍ മറ്റാരില്‍ നിന്നോ വിവരമറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു.

അയല്‍വാസികളെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് റസീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ്റിങ്ങല്‍ ആലങ്കോട്, പാലാകോണം അന്‍സി കൊട്ടേജിലാണ് അന്‍സിയും മാതാവും താമസിച്ചിരുന്നത്. പിതാവ് കബീര്‍ വിദേശത്താണ്. ഇവരുടെ ഏകമകളാണ് അന്‍സി. അന്‍സിയുടെ പോസ്റ്റുമോര്‍ട്ടം നടപടിക്കായി ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Model Ansi kabeer Mother Suicide Attempt