ന്യൂദല്‍ഹി: തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിനു മാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. നേരത്തെ രാവിലെ ഒന്‍പതു മുതല്‍ മൂന്നുവരെ ഭാരത് ബന്ദ് നടത്തുന്നതിനാണ് എഐസിസി തീരുമാനിച്ചിരുന്നത്.
ALSO READ: ആര്‍.എസ്.എസ് നേതാവിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ നടപടി
കേരളത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. താന്‍ ഹര്‍ത്താലിനെതിരെ സമരം ചെയ്തിട്ടില്ലന്നും നിയന്ത്രിക്കണമെന്നാണു നിലപാടെന്നും തികച്ചും സമാധാനപരമായിട്ടായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്നും എം.എം. ഹസന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായിട്ടായിരിക്കും ആചരിക്കുക. എല്‍ഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സി.പി.ഐ.എമ്മും സി.പി.ഐയും തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും. ദുരിതാശ്വാസ വാഹനങ്ങളെയും ടൂറിസം മേഖലയെയും ഒഴിവാക്കുമെന്ന് എളമരം കരീം എം.പി പറഞ്ഞു.
വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നുമാണു കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നത്. ബി.എസ്.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചുളള ഭാരത് ബന്ദിനു പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.