നെഞ്ചുവേദന വരുന്ന തരത്തില്‍ ഇ.ഡി. ബാലാജിയെ എന്തിന് പേടിപ്പിച്ചു? സ്റ്റാലിന്‍
national news
നെഞ്ചുവേദന വരുന്ന തരത്തില്‍ ഇ.ഡി. ബാലാജിയെ എന്തിന് പേടിപ്പിച്ചു? സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2023, 12:57 pm

ചെന്നൈ: ഇ.ഡി. അറസ്റ്റിന് പിന്നാലെ വൈദ്യുത മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയിലായതില്‍ ഇ.ഡിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് സെന്തില്‍ ബാലാജി പറഞ്ഞിട്ടും നെഞ്ചുവേദന വരുന്ന തരത്തില്‍ അദ്ദേഹത്തെ ഇ.ഡി. എന്തിന് പീഡിപ്പിച്ചുവെന്ന് സ്റ്റാലിന്‍ ചോദിച്ചു. ഇതിനെതിരെയുള്ള മറുപടി 2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബാലാജിയെ ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ചതിന് ശേഷമാണ് ട്വീറ്റിലൂടെ ഇ.ഡിയോടുള്ള വിമര്‍ശനം സ്റ്റാലിന്‍ രേഖപ്പെടുത്തിയത്.

‘അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് സെന്തില്‍ ബാലാജി പറഞ്ഞിട്ടും നെഞ്ചുവേദന വരുന്ന തരത്തില്‍ അദ്ദേഹത്തെ ഇ.ഡി. എന്തിന് പീഡിപ്പിച്ചു?

കേസിന്റെ ആവശ്യമായ നിയമ നടപടികള്‍ ലംഘിച്ച് മനുഷ്യത്വരഹിതമായ രീതിയില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?

ബി.ജെ.പിയുടെ ഭീഷണി നേരിടേണ്ട ഉത്തരവാദിത്തം ഡി.എം.കെയ്ക്കുണ്ട്. പേടിക്കേണ്ട. 2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കും,’ സ്റ്റാലിന്‍ പറഞ്ഞു.

ബാലാജിയുടെ അറസ്റ്റ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.

‘എതിര്‍ക്കുന്നവര്‍ക്കെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപദ്രവവും പകപോക്കലുമാണിത്. പ്രതിപക്ഷത്തുള്ള ഞങ്ങളാരും ഇത്തരം ധിക്കാരപരമായ നീക്കങ്ങളില്‍ ഭയപ്പെടില്ല,’ അദ്ദേഹം പറഞ്ഞു.

റെയ്ഡിന് പിന്നാലെ തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. 2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബാലാജിയുടെ സെക്രട്ടേറിയേറ്റിലെ ഓഫീസിലും വസതിയിലും റെയ്ഡ് നടന്നത്.

നേരത്തെ ബാലാജിക്കെതിരെ ആദായ നികുതി വകുപ്പിന്റെ പരിശോധനയുമുണ്ടായിരുന്നു.

ജയലളിതയുടെ കീഴില്‍ മന്ത്രിയായിരുന്ന ബാലാജി അഴിമതി കേസില്‍ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് എത്തിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി.

CONTENT HIGLIGHTS: MK STALIN AGAINST BALAJI’S ARREST